വിഷാംശ പച്ചകറിയില്‍ നിന്നും എന്റെ കുടുംബം സുരക്ഷിതം’
മലപ്പുറം: വിഷാംശ പച്ചകറിയില്‍ നിന്നും എന്റെ കുടുംബം സുരക്ഷിതം എന്ന പദ്ധതിയില്‍ മേല്‍മുറി 27 -ാംവാര്‍ഡില്‍ കര്‍ഷക വാര്‍ഡ് നടത്തി.
ജൈവപച്ചക്കറികൃഷിയെ കുറിച്ചും അടുക്കള പച്ചക്കറിത്തോട്ടങ്ങള്‍ പരിപാലിക്കുന്നതിനെ കുറിച്ചും ഇവിടെ വിതരണം ചെയ്ത പച്ചക്കറി തൈകള്‍ നട്ടുപിടിപ്പിക്കുന്ന തിനെക്കുറിച്ചു അറിവ് നേടുന്നതിനും കൃഷിക്കാര്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന ആനുകൂല്യങ്ങളെ കുറിച്ചും സബ്‌സിഡിയെക്കുറിച്ചും കൃഷി നശിച്ചവര്‍ക്ക് ഇന്‍ഷുറന്‍സില്‍ നിന്നും ലഭിക്കുന്ന സഹായങ്ങളെ കുറിച്ചും വലിയ രീതിയില്‍ കൃഷിയിറക്കുന്ന വര്‍ക്കുള്ള സബ്‌സിഡിയെക്കുറിച്ചും കര്‍ഷകര്‍ക്കുള്ള ‘ ആത്മ’ പദ്ധതിയെക്കുറിച്ചും പച്ചക്കറി കൃഷി വികസന പദ്ധതിയെക്കുറിച്ചും കര്‍ഷകര്‍ക്ക് മലപ്പുറം നഗരസഭയില്‍ നിന്നും ലഭിക്കുന്ന ആനുകൂല്യങ്ങളെ കുറിച്ചും മാര്‍ക്കറ്റില്‍ നിന്നും ലഭിക്കുന്ന വിഷാംശ പച്ചക്കറിയെ കുറിച്ചും അത് കഴിച്ചാല്‍ ഉണ്ടാകുന്ന മാരക രോഗങ്ങളെ കുറിച്ചും ക്ലാസെടുക്കുകയും. കര്‍ഷകരില്‍ കൃഷിയെ കുറിച്ച് അവബോധം ജനിപ്പിക്കുന്നതിനും കാര്‍ഷിക വൃത്തിയുമായി ബന്ധപ്പെട്ട പ്രചാരണത്തിനും പ്രകൃതിയുടെ വരദാനമായ കാര്‍ഷിക സമ്പത്ത് സംരക്ഷിക്കുന്നതിനും കര്‍ഷകരെ ബഹുമാനിക്കാനും സ്വയം കൃഷി ചെയ്യാനും തയ്യാറാവാന്‍ വേണ്ടിയും ഈ കര്‍ഷക വാര്‍ഡ് സഭയില്‍ പ്രതിജ്ഞയെടുത്തു. പങ്കെടുത്ത എല്ലാവര്‍ക്കും പച്ചക്കറി വിത്തുകളും, തൈകളും വിതരണം ചെയ്തു.
വാര്‍ഡ് കൗണ്‍സിലര്‍ കെ കെ മുസ്തഫ, സി ഡി എസ് പ്രസിഡണ്ട് വിനീത, മലപ്പുറം നഗരസഭ കൃഷി ഓഫീസര്‍ ദിവ്യ രാജന്‍, പച്ചക്കറി കൃഷി വികസന പദ്ധതി ഫീല്‍ഡ് ഓഫീസര്‍ ശരണ്യ, ആത്മ പദ്ധതി ഫീല്‍ഡ് ഓഫീസര്‍ അല്‍ഫാ, ആശാവര്‍ക്കര്‍ മൈമൂന എന്നിവര്‍ സംസാരിച്ചു.