വിസ്‍മയക്കേസില്‍ കിരണ്‍ കുമാറിന് 10 വര്‍ഷം തടവ്; പന്ത്രണ്ടര ലക്ഷം രൂപ പിഴ

കൊല്ലം:നിലമേൽ സ്വദേശിനി വിസ്മയ സ്ത്രീധന പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവ് കിരൺ കുമാറിന്  10 വര്‍ഷം തടവ് . പന്ത്രണ്ടര ലക്ഷം രൂപ പിഴയും അടയ്ക്കണം. മൂന്ന് വകുപ്പുകളിലായി 18 വര്‍ഷം ശിക്ഷയാണ് കോടതി വിധിച്ചത്. ഐപിസി 304 പ്രകാരം 10 വര്‍ഷവും, 306 അനുസരിച്ച് ആറുവര്‍ഷവും, 498 അനുസരിച്ച് രണ്ടുവര്‍ഷവുമാണ് കോടതി ശിക്ഷ വിധിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി.

കൊല്ലം ജില്ലാ അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പുറപ്പെടുവിച്ചത്. വിധി പുറപ്പെടുവിക്കുന്നതിന് മുമ്പ് എന്തെങ്കിലും പറയാനുണ്ടോയെന്ന് കിരണിനോട് കോടതി ചോദിച്ചിരുന്നു. വിസ്മയുടേത് ആത്മഹത്യയെന്നും ശിക്ഷയില്‍ ഇളവ് വേണമെന്നും കിരണ്‍ ആവശ്യപ്പെട്ടു. താന്‍ കുറ്റം ചെയ്തിട്ടില്ല, നിരപരാധിയാണ്, അച്ഛന് സുഖമില്ല, കുടുംബത്തിന്‍റെ ചുമതല തനിക്കെന്നും കിരണ്‍ കോടതിയെ അറിയിച്ചു. എന്നാല്‍ പ്രതിയോട് അനുകമ്പ പാടില്ലെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ സ്ത്രീധനം വാങ്ങാന്‍ പാടില്ലെന്ന് ചട്ടമുണ്ട്. വിസ്‍മയയെ സ്ത്രീധനത്തിനായി പ്രതി നിലത്തിട്ട് ചവിട്ടി. ഇത് സമൂഹം സഹിക്കില്ലെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. വിധി പ്രഖ്യാപനം കേള്‍ക്കാന്‍ വിസ്‍മയയുടെ അച്ഛന്‍ ത്രിവിക്രമന്‍ നായര്‍ കോടതിയിലെത്തിയിരുന്നു. അമ്മ സജിത വീട്ടിലെ ടിവിയിലൂടെയാണ് വിധി പ്രഖ്യാപനം കേട്ടത്.  

Comments

COMMENTS

error: Content is protected !!