വീടിന് ജപ്തി നോട്ടീസ്; വിദ്യാർഥിനി ആത്മഹത്യ ചെയ്തു
കേരള ബാങ്ക് വീട്ടിൽ ജപ്തി നോട്ടീസ് പതിച്ചതിന് പിന്നാലെയാണ് അഭിരാമി ജീവനൊടുക്കിയത്. ഇരമല്ലിക്കര ശ്രീ അയ്യപ്പ കോളജ് രണ്ടാം വർഷ ബിരുദ വിദ്യാർഥിനിയാണ്.
ചൊവ്വാഴ്ച ഉച്ചയ്ക്കാണ് പതാരത്തുനിന്നുള്ള ബാങ്ക് അധികൃതരും കേരള ബാങ്ക് ജില്ലാതല ഉദ്യോഗസ്ഥരും പൊലീസുമായി എത്തി നോട്ടീസ് പതിച്ചത്. ഈ സമയം വീട്ടില്‍ പ്രായമായ ഒരാള്‍ മാത്രമാണുണ്ടായിരുന്നത്. അധികൃതര്‍ തിരിച്ച് ബാങ്കിലെത്തിയപ്പോഴേക്കും അജിയും ഭാര്യയും ബാങ്കിലെത്തി. ഇതിനിടെ വൈകീട്ട് കോളജിൽനിന്ന് എത്തിയ അഭിരാമി ജപ്തി നോട്ടീസ് പതിച്ച വിവരം അറിഞ്ഞ് മനോവിഷമത്തിലായി. പിന്നാലെ ആത്മഹത്യ ചെയ്തു. അജിയും ഭാര്യയും ബാങ്ക് ഉദ്യോഗസ്ഥരുമായി സംസാരിക്കുന്നതിനിടെയാണ് മകൾ മരിച്ച വിവരം ഫോണ്‍ വഴി അറിയുന്നത്.
വസ്തു ബാങ്ക് അധീനതയിലാണെന്ന് കാട്ടി നോട്ടീസ് പതിക്കുകയാണ് ചെയ്തതെന്നും പത്രപരസ്യം നല്‍കിയശേഷമാണ് ജപ്തി നടപ്പാക്കുകയെന്നും ബാങ്ക് ജീവനക്കാര്‍ പറഞ്ഞു.