വീടുകളിൽ സ്മാര്‍ട്ട് മീറ്ററുകള്‍ സ്ഥാപിക്കാനുള്ള നീക്കവുമായി കെഎസ്ഇബി
ഉയര്‍ന്ന വൈദ്യുതി നിരക്കിന് പുറമേ ഉപയോക്താക്കള്‍ക്ക് വലിയ സാമ്പത്തിക ബാധ്യത വരുന്ന സ്മാര്‍ട്ട് മീറ്ററുകള്‍ സ്ഥാപിക്കാൻ കെഎസ്ഇബിയുടെ നീക്കം. വീടുകളില്‍ ഇത്തരം സ്മാര്‍ട്ട് മീറ്ററുകള്‍ സ്ഥാപിക്കാന്‍ ഒരു ഉപയോക്താവിന് 9000 രൂപ വരെ ചിലവ് വരും.
പദ്ധതി നടപ്പാക്കാൻ വൈദ്യുതി ബോര്‍ഡിലെ വിതരണ വിഭാഗം ഡയറക്ടര്‍ക്ക് വ്യക്തി താല്‍പര്യമുണ്ടെന്ന് സിഐടിയു യൂണിയൻ ആരോപിച്ചു. വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷം മാത്രമേ പദ്ധതി നടപ്പാക്കാന്‍ പാടുള്ളു എന്ന് ചൂണ്ടിക്കാട്ടി സംഘടനകള്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിട്ടുണ്ട്. മന്ത്രിയുടെ സാന്നിധ്യത്തില്‍ കൂടുതല്‍ ചര്‍ച്ച നടത്തണമെന്നും സംഘടനകള്‍ ആവശ്യപ്പെട്ടു. വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷമേ പദ്ധതി നടപ്പാക്കാവൂ എന്നാവശ്യപ്പെട്ട് വിവിധ തൊഴിലാളി യൂണിയന്‍ നേതാക്കളായ എളമരം കരീം, കെ.പി രാജേന്ദ്രന്‍, ആര്‍. ചന്ദ്രശേഖരന്‍ എന്നിവര്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി.
സ്മാര്‍ട്ട് മീറ്റര്‍ സ്ഥാപിക്കുന്നതിനോട് എതിര്‍പ്പില്ലെങ്കിലും വൈദ്യുതി ബോര്‍ഡ് മാനേജ്‌മെന്റിന്റെ ഇപ്പോഴത്തെ നീക്കം 7830 കോടി രൂപയുടെ അധിക ബാധ്യത വരുത്തുമെന്നാണ് സംഘടനകളുടെ മുന്നറിയിപ്പ്. പദ്ധതിക്കായി റൂറല്‍ ഇലക്ട്രിഫിക്കേഷന്‍ കോര്‍പ്പറേഷനുമായി ധാരണാ പത്രം ഒപ്പിടുന്നതിന് മുന്നോടിയായി ഊര്‍ജ വകുപ്പ് സെക്രട്ടറിയും ജീവനക്കാരുടെ സംഘടനാ നേതാക്കളുമായി ചര്‍ച്ച നടത്തിയെങ്കിലും തീരുമാനമാകാതെ പിരിഞ്ഞു.