വീടെന്ന സ്വപ്നം യാഥാർഥ്യമാക്കാൻ കഴിയാതെ ഹുസൈൻ യാത്രയായി
തിരുവമ്പാടി: തൃശൂർ പാലപിള്ളിയിൽ കാട്ടാനയെ പ്രതിരോധിക്കുന്നതിനിടെ പരിക്കേറ്റ് മരിച്ച ഹുസൈൻ കൽപ്പൂര് സന്നദ്ധ പ്രവർത്തകർക്കൊരു മാതൃകയായിരുന്നു. താഴെ കൂടരഞ്ഞിയിലെ മൂന്ന് സെൻറ് സ്ഥലത്തെ കൊച്ചുകൂരയിലാണ് ഹുസൈനും ഭാര്യയും രണ്ട് കുട്ടികളും കഴിഞ്ഞിരുന്നത്.
വീടെന്ന സ്വപ്നം യാഥാർഥ്യമാക്കാൻ കഴിയാതെയാണ് ഹുസൈൻ യാത്രയായത്. വനംവകുപ്പിലെ താൽക്കാലിക ജോലിയിൽ നിന്ന് ലഭിച്ചിരുന്ന തുച്ഛമായ വേതനം ഉപയോഗിച്ച് വീട് നിർമിക്കാനായിരുന്നു ആഗ്രഹം.
വീട്ടുകാർക്ക് ഭീതിയായി മാറിയിരുന്ന പാമ്പുകളെ പിടികൂടി വനം വകുപ്പ് അധികൃതർക്ക് കൈമാറുന്ന പ്രവർത്തനം ഏറ്റെടുത്താണ് ഹുസൈൻ ശ്രദ്ധേയനായത്. കഴിഞ്ഞ പത്ത് വർഷത്തിനിടെ രാജവെമ്പാലയും മൂർഖനുമുൾപ്പെടെ 2000ത്തോളം പാമ്പുകളെ കരവലയത്തിലാക്കിയിട്ടുണ്ട്.
ഏത് മലമടക്കുകളിലും പാതിരാത്രിയിൽ ഓടിയെത്തുമായിരുന്നു. കാട്ടാനകളെ വരുതിയിലാക്കുന്നതിലും കഴിവ് തെളിയിച്ചതോടെ വനം വകുപ്പിന് പ്രിയങ്കരനായി. സഹജീവികൾക്ക് ആശ്വാസമായി മാറിയിരുന്ന സാഹസികത തന്നെയാണ് 32ാം വയസ്സിൽ ജീവൻ നഷ്ടമാക്കിയതും.
കാട്ടാനകളെ പ്രതിരോധിക്കുന്ന വയനാട്ടിലെ ദൗത്യസംഘത്തിലെ അംഗമായിരുന്നു. ഏഴ് വർഷമായി വനംവകുപ്പിൽ റാപ്പിഡ് റെസ്പോൺസ് ടീമിൽ ദിവസവേതന ജീവനക്കാരനായിരുന്നു.