വീട് കത്തി നശിച്ചു തല ചായ്ക്കാനിടമില്ലാതെ സാവിത്രിയും കുട്ടികളും
കൊയിലാണ്ടി: കൊയിലാണ്ടി കടലോരത്തെ ചീനമാരകം പറമ്പില്‍ താമസിക്കുന്ന പരേതനായ മുക്രിക്കണ്ടി രവി സ്വാമിയുടെ ഭാര്യ സാവിത്രിയും അസുഖബാധിതനായ മകന്‍ ബാബു, മകള്‍ ബീന (ബീനയുടെ പേരിലാണ് വീട് ) എന്നിവരും ഒരായുസ്സ് മുഴുവന്‍ അധ്വാനിച്ച് സ്വരൂപിച്ച് വാങ്ങിയ വീടും സാധനങ്ങളും ചികില്‍സക്കായി കരുതിയ 70800 രൂപയും അടക്കം ഇന്നലെ (22.10.19 ) യുണ്ടായ വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ടുമൂലം കത്തി ചാമ്പലായി. തീ പിടിക്കുമ്പോള്‍ സാവിത്രിയും ബാബുവിന്റെ രണ്ടു ചെറിയ കുട്ടിക്കളും വീട്ടിനകത്ത് ഉണ്ടായിരുന്നു. അടുത്തുള്ളവരുടെ സമയോചിതമായ ഇടപെടല്‍ കൊണ്ടു് ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞെങ്കിലും ഉടുതുണിക്ക് മറുതുണിയില്ലാത്ത സ്ഥിതിയാണുള്ളത്. വീട്ടിലെ എല്ലാ സാധനങ്ങളും വസ്ത്രങ്ങളും കത്തി നശിച്ചു. കുറച്ചു മുമ്പാണ് മകന്‍ ബാബുവിന്റെ ഭാര്യ കേന്‍സര്‍ ബാധിച്ച് മരിച്ചത്. തുടര്‍ന്ന് ബാബുവിനും അസുഖം ബാധിച്ച് ചികില്‍സിലായി. സംഭവസമയത്ത് ജീവിക്കാനായി ബാബു കടലില്‍ പോയതായിരുന്നു. ഏകദേശം 3 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടു്. ചികില്‍സക്കായി സ്വരൂപിച്ച പണവും തകര്‍ന്ന വീടും നോക്കി ഇനി എന്ത് എന്ന് നെടുവീര്‍പ്പിടുകയാണ് ഈ കുടുംബം.