വൃത്തിയുള്ള ഇടങ്ങളാണ് ഒരു നാടിന്റെ സംസ്കാരത്തെ നിർണ്ണയിക്കുന്നത്- മന്ത്രി റിയാസ്

വൃത്തിയുള്ള ഇടങ്ങളാണ് ഒരു നാടിന്റെ സംസ്കാരത്തെ നിർണ്ണയിക്കുന്നതെന്നും മാലിന്യ സംസ്കരണം നാടിന്റെ ആവശ്യമാണെന്നും മന്ത്രി പി.എ. മുഹമ്മദ്‌ റിയാസ്. ശുചിത്വ മാലിന്യ സംസ്കരണ മേഖലയിലെ മികച്ച പ്രവർത്തനത്തിനുള്ള ശുചിത്വ പദവി അവാർഡ് ദാനവും ശുചിത്വം സുന്ദരം എന്റെ ഫറോക്ക് പദ്ധതി പ്രഖ്യാപനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ജൈവ അജൈവ മാലിന്യസംസ്കരണത്തിന് ഒരുപോലെ പ്രാധാന്യം നൽകിക്കൊണ്ട് വ്യത്യസ്തമായ പ്രവർത്തനങ്ങൾ കാഴ്ച വെച്ച ഫറോക്ക് നഗരസഭയെ മന്ത്രി അഭിനന്ദിച്ചു.പരിസരശുചിത്വ പരിപാലനത്തിൽ ജനകീയ മുന്നേറ്റത്തോടെയുള്ള പ്രവർത്തനം വേണമെന്നു സൂചിപ്പിച്ച
മന്ത്രി ഹരിതകർമ്മസേനയെ പ്രത്യേകം അനുമോദിച്ചു.
പ്ലാസ്റ്റിക്കിന് ബദൽ സംവിധാനം കണ്ടെത്തുക. പൊതുപരിപാടികളിലും സർക്കാർ ഓഫിസുകളിലും ഗ്രീൻ പ്രോട്ടോകോൾ പാലിക്കുക. തോടുകളും പുഴകളും ജനകീയപങ്കാളിത്തത്തോടെ ശുചീകരിക്കുക തുടങ്ങി പരിസരശുചിത്വവുമായി ബന്ധപ്പെട്ട് ഓരോരുത്തരും സ്വന്തം നിലയിൽ രാഷ്ട്രീയകക്ഷിഭേദമന്യേ പ്രവർത്തിക്കണമെന്നും മന്ത്രി പറഞ്ഞു.

ഫറോക്ക് നഗരസഭ ചെയർമാൻ എൻ.സി. അബ്ദുൽ റസാഖ് അധ്യക്ഷനായി. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.പി.നിഷാദ് റിപ്പോർട്ട് അവതരിപ്പിച്ചു. ചടങ്ങിൽ ശുചിത്വം സുന്ദരം എന്റെ ഫറോക്ക് പദ്ധതിയുടെ ലോഗോ പ്രകാശനം ചെയ്തു. ഫറോക്ക് നഗരസഭ ഹരിതകർമ്മ സേനാംഗങ്ങളെയും ഹെൽത്ത് ഇൻസ്പെക്ടർ സികെ വത്സൻ, ജെ എച്ച് ഐ സി സജീഷ്, ഹരിത കേരളം മിഷൻ റിസോഴ്സ് പേഴ്സൺ പ്രിയ എന്നിവരെയും ആദരിച്ചു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.കുമാരൻ, ഫറോക്ക് നഗരസഭ സെക്രട്ടറി ഇൻചാർജ് ടി.അഭിലാഷ്, ശുചിത്വ മിഷൻ കോർഡിനേറ്റർ ശ്രീകല, ഹരിത കേരളം മിഷൻ റിസോഴ്സ് പേഴ്സൺ പ്രിയ, നഗരസഭ ആസൂത്രണ ഉപാധ്യക്ഷൻ വേണുഗോപാൽ എന്നിവർ സംസാരിച്ചു. ഡെപ്യൂട്ടി ചെയർപേഴ്സൺ കെ. റീജ സ്വാഗതവും ഹെൽത്ത് ഇൻസ്പെക്ടർ സി.കെ. വത്സൻ നന്ദിയും പറഞ്ഞു.

Comments

COMMENTS

error: Content is protected !!