വെളുത്ത നിറമുള്ള കുഞ്ഞിനെ തട്ടികൊണ്ടുവന്നതാണെന്ന് നാട്ടുകാര്‍; മാതൃത്വം തെളിയിക്കേണ്ടി വന്ന് നാടോടി സ്ത്രീ
കുഞ്ഞ് അമ്മയേക്കാള്‍ വെളുത്തിരുന്നതിനാല്‍ കുഞ്ഞിനെ തട്ടിക്കൊണ്ട് വന്നതാണെന്ന് ആരോപിച്ച് തിരുവനന്തപുരത്ത് നാടോടി സ്ത്രീയെയും നാല് മാസം പ്രായമായ കുഞ്ഞിനെയും നാട്ടുകാര്‍ തടഞ്ഞുവെച്ചു. ആന്ധ്ര സ്വദേശിനിയായ സുജാത എന്ന സ്ത്രീയെയാണ് തിരുവനന്തപുരം പാറ്റൂരിൽ നാട്ടുകാർ തടഞ്ഞത്. കുഞ്ഞ് തന്റേത് തന്നെയാണെന്ന് പലതവണ പറഞ്ഞിട്ടും നാട്ടുകാര്‍ കേട്ടില്ല. പൊലീസില്‍ വിവരമറിയിച്ചതിനെ തുടർന്ന് വഞ്ചിയൂര്‍ പൊലീസ് അമ്മയെയും കുഞ്ഞിനെയും സ്റ്റേഷനിലെത്തിച്ചു.
ഒടുവില്‍ സുജാത സ്റ്റേഷനില്‍ വെച്ച് തന്റെ ഭര്‍ത്താവ് കരിയപ്പയെ വിളിച്ചു. കീചെയിനിലും അരിമണിയിലും പേരെഴുതി വില്‍ക്കുന്നയാളാണ് കരിയപ്പ. സ്വന്തം മകളാണെന്ന് തെളിയിക്കാന്‍ മകള്‍ ജനിച്ച രേഖയും ഫോട്ടോകളുമായി കരിയപ്പ സ്റ്റേഷനിലെത്തി. ഇതോടെ ഇവരെ വിട്ടയച്ചു.
സ്വന്തം കുഞ്ഞിനെ ചേര്‍ത്ത് പിടിച്ചു കൊണ്ട് ഞങ്ങളുടെ കുട്ടികള്‍ കറുത്തിരിക്കണമെന്നുണ്ടോ എന്നാണ് നാട്ടുകാരോടും പൊലീസുകാരോടും സുജാത ചോദിച്ചത്. ‘ഇത് ഞങ്ങളുടെ പൊന്നുമോളാണ്. വെളുത്ത നിറമുണ്ടെന്ന് കരുതി കുഞ്ഞ് ഞങ്ങളുടേതല്ലാതാവുമോ. തന്റെ അഞ്ച് മക്കളും വെളുത്തിട്ടാണ്. ഞങ്ങളുടെ കുട്ടികള്‍ കറുത്തിരിക്കണമെന്നാണോ,’ സുജാത പൊലീസിനോട് ചോദിച്ചു. സ്വന്തം കുഞ്ഞാണെന്ന് തെളിയിക്കാൻ ഡിഎന്‍എ പരിശോധന നടത്താന്‍ തയ്യാറാണെന്ന് കൂടി സുജാതയ്ക്ക് പറയേണ്ടി വന്നു.