കുറഞ്ഞനിരക്കിൽ വൈദ്യുതി ലഭിച്ചുകൊണ്ടിരുന്ന റദ്ദാക്കിയ വൈദ്യുതിക്കരാർ പുനഃസ്ഥാപിച്ചു

തിരുവനന്തപുരം: കരാർ നടപടികളിലെ വീഴ്ചയുടെ പേരിൽ വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ റദ്ദാക്കിയ നാല് ദീർഘകാല വൈദ്യുതിക്കരാറുകൾ പുനഃസ്ഥാപിക്കാൻ കമ്മിഷൻ ഉത്തരവ്. കുറഞ്ഞ നിരക്കിൽ വൈദ്യുതി ലഭിച്ചുകൊണ്ടിരുന്ന കരാറുകൾ പൊതുതാത്പര്യാർത്ഥം പുനഃസ്ഥാപിക്കണമെന്ന സർക്കാരിന്റെ ആവശ്യം പരിഗണിച്ചാണ് നടപടി. മൂന്നുകമ്പനികളുമായി 25 വർഷത്തേക്കുള്ളതായിരുന്നു നാല് കരാറുകൾ.

കമ്പനികൾ കരാർ പുനഃസ്ഥാപിച്ചാൽ വലിയവിലയ്ക്ക് വൈദ്യുതി വാങ്ങുന്നത് ഒഴിവാക്കാനാകും. കഴിഞ്ഞ മാസങ്ങളിൽ 20 കോടി രൂപവരെ ദിവസം നൽകിയാണ് പുറത്തുനിന്ന് വൈദ്യുതി വാങ്ങിയത്. ഈ സാഹചര്യത്തിലാണ് സർക്കാർ ഇടപെടണമെന്ന് വൈദ്യുതിബോർഡ് ആവശ്യപ്പെട്ടതും ഉത്തരവ് പിൻവലിക്കാൻ അപ്പീൽ നൽകിയതും.

സംസ്ഥാനത്തിന് വൈദ്യുതി നൽകുന്നത് എത്രയും വേഗം പുനഃസ്ഥാപിക്കാൻ റെഗുലേറ്ററി കമ്മിഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. കമ്പനികൾ നിർദേശം പാലിക്കുന്നുണ്ടോയെന്നതറിയിക്കാൻ കെ എസ് ഇ ബിക്കും നിർദേശം നൽകി. മുന്നുകമ്പനികളിൽ ജിൻഡാൽ പവർ ലിമിറ്റഡ് 150 മെഗാവാട്ട് വൈദ്യുതി നൽകാൻ തയ്യാറാണെന്ന് തെളിവെടുപ്പുവേളയിൽ കമ്മിഷനെ അറിയിച്ചിരുന്നു. 100 മെഗാവാട്ടിന്റെ കരാറുണ്ടായിരുന്ന ജിൻഡാൽ ഇന്ത്യ തെർമൽ പവർ ലിമിറ്റഡ് വൈദ്യുതി നൽകാനാകില്ലെന്നും അറിയിച്ചു. എൻ ടി പി സിക്കുകീഴിലുള്ള ജാബ്വ പവർ ലിമിറ്റഡ് രണ്ടുകരാറുകളിലൂടെയുള്ള 215 മെഗാവാട്ടിന്റെ വൈദ്യുതി നൽകാൻ തടസ്സമുന്നയിച്ചിട്ടുണ്ടെങ്കിലും സർക്കാർ ഇടപെട്ടാൽ അവർ വൈദ്യുതി നൽകാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.
Comments
error: Content is protected !!