CALICUTDISTRICT NEWS
വെള്ളത്തിന്റെയും ഭക്ഷ്യവസ്തുക്കളുടെയും ഗുണനിലവാരം ഉറപ്പാക്കണം
![](https://calicutpost.com/wp-content/uploads/2019/08/download-10.jpg)
പ്രളയവുമായി ബന്ധപ്പെട്ട് ഭക്ഷ്യ വസ്തുക്കള്‍ വില്പന നടത്തുന്ന വ്യാപാരികള്‍ ഈര്‍പ്പം തട്ടിയ ധാന്യപ്പൊടികള്‍, കടലപ്പൊടി തുടങ്ങി നനഞ്ഞ ഭക്ഷ്യവസ്തുക്കള്‍ യാതൊരു കാരണവശാലും വില്‍പ്പന നടത്താന്‍ പാടില്ലെന്ന് കോഴിക്കോട് ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു.
വെള്ളം കയറിയ ഹോട്ടലുകള്‍, കൂള്‍ബാറുകള്‍, മറ്റുകടകള്‍ എന്നിവ ശരിയായ രീതിയല്‍ അണുവിമുക്തമാക്കിയശേഷം മാത്രമേ പ്രവര്‍ത്തനം പുനരാരംഭിക്കാവൂ. പ്രളയസമയത്ത് വെള്ളം കയറിയ കിണറുകള്‍ സൂപ്പര്‍ ക്ലോറിനേഷന് നടത്തിയശേഷം മാത്രം കുടിവെള്ളം ഉപയോഗിക്കുക. വെള്ളം കയറിയ കിണറുകളില്‍ വെള്ളം പരിശോധിച്ച് ഗുണനിലവാരം ഉറപ്പുവരുത്തേണ്ടതാണ്. ഭക്ഷണം നല്കുന്ന പാത്രങ്ങള്‍ എല്ലാം ശരിയായ രീതിയില്‍ അണുവിമുക്തമാക്കിയ ശേഷം മാത്രം ഉപയോഗിക്കുക. ബേക്കറികളും മറ്റും പാക്ക് ചെയ്യാതെ വില്പനയ്ക്കായി വച്ചിരിക്കുന്ന സാധനങ്ങള്‍ പൂപ്പല്‍ ബാധിക്കാത്തതും ഗുണനിലവാരം ഉള്ളതാണെന്നും ഉറപ്പുവരുത്തേണ്ടതാണ്. കുടിവെള്ളം വിതരണം ചെയ്യുന്നവര്‍, പാക്കേജ്ഡ് ഡ്രിങ്കിംഗ് വാട്ടര്യൂണിറ്റുകള്, ഐസ്ബ്ലോക്ക്, ഐസ് ക്യൂബ് നിര്‍മ്മാതാക്കള്‍ തുടങ്ങി ഭക്ഷ്യ ആവശ്യത്തിലേക്ക് വെള്ളം ഉപയോഗിക്കുന്നവര്‍ ജലസ്രോതസ് മലിനപ്പെട്ടിട്ടില്ലെന്ന് ഉറപ്പുവരുത്തേണ്ടതും വെള്ളത്തിന് നിശ്ചിത ഗുണനിലവാരം ഉണ്ടെന്ന് ഉറപ്പുവരുത്തേണ്ടതുമാണെന്ന് അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു.
Comments