CALICUTMAIN HEADLINES
വെള്ളയിൽ പുലിമുട്ടിന്റെ നീളം കൂട്ടാൻ 22.5 കോടി
കോഴിക്കോട് :വെള്ളയിൽ പുലിമുട്ടിന്റെ പ്രശ്‌നങ്ങൾക്ക് പരിഹാരമാകുന്നു. പുലിമുട്ടിന്റെ നീളം കൂട്ടാൻ 22.25 കോടി രൂപ നബാർഡ് പ്രാദേശിക അടിസ്ഥാന വികസന ഫണ്ടിൽനിന്ന് അനുവദിച്ചു. സംസ്ഥാന സർക്കാരിന്റെ ഭരണാനുമതിയും ലഭിച്ചു. ഹാർബർ എൻജിനിയറിങ് വകുപ്പിനാണ് നിർമാണ ചുമതല. ഫണ്ട് അനുവദിച്ചതോടെ ടെണ്ടർ നടപടിയും ആരംഭിച്ചു.
സാങ്കേതിക പ്രശ്‌നങ്ങളില്ലെങ്കിൽ രണ്ടുമാസത്തിനുള്ളിൽ നിർമാണം ആരംഭിക്കുമെന്ന് എക്‌സിക്യൂട്ടീവ് എൻജിനിയർ മുഹമ്മദ് അൻസാരി പറഞ്ഞു. 2013ലാണ് ഹാർബറിന്റെ നിർമാണം തുടങ്ങുന്നത്. എന്നാൽ, നിർമാണത്തിലെ പ്രശ്‌നം മൂലം ഹാർബറിലേക്ക് വലിയ ബോട്ടുകൾ കയറ്റാനായില്ല. കൃത്യമായ അളവിലല്ല പുലിമുട്ട് നിർമിച്ചത്. തെക്കേഭാഗം 750 മീറ്ററും വടക്ക് 530 മീറ്ററുമാണ്. ഇതുമൂലം തിരമാലകൾ അടിച്ചുകയറാൻ തുടങ്ങി. മണൽത്തിട്ടകളും രൂപപ്പെട്ടു. ബോട്ടുകൾ തകരുന്നത് പതിവായി. ക്രമേണ ഹാർബറിലേക്ക് ബോട്ടുകളുടെ വരവ് കുറഞ്ഞു.
പുലിമുട്ടിന്റെ നീളം വർധിപ്പിച്ചാൽ പ്രശ്‌നപരിഹാരമാകുമെന്ന് കണ്ടെത്തിയതിനെ തുടർന്ന് നീളം 490 മീറ്റർ കൂട്ടാൻ തീരുമാനമായി. കഴിഞ്ഞ ഡിസംബറിൽ പുലിമുട്ടിന്റെ നവീകരണത്തിനായി നബാർഡ് പദ്ധതിയിൽ ഉൾപ്പെടുത്താൻ 15.30 കോടി രൂപയുടെ എസ്‌റ്റിമേറ്റ് സമർപ്പിച്ചു. സർക്കാരിത് കേന്ദ്രത്തിന് നൽകിയെങ്കിലും അനുമതി ലഭിച്ചില്ല. ഇതിനെ തുടർന്ന് മന്ത്രി മേഴ്‌സിക്കുട്ടിയുടെ നിർദേശപ്രകാരമാണ് എസ്‌റ്റിമേറ്റ് പുതുക്കി നൽകിയത്.
അതേസമയം ഹാർബറിന്റെ നിർമാണം പുരോഗമിക്കുന്നു. ആറുകോടി രൂപ ചെലവിൽ ഭരണനിർവഹണ ഓഫീസ് കെട്ടിടം, റോഡ്, പാർക്കിങ് സ്ഥലം, വെള്ളം ഒഴുകിപ്പോകാനുള്ള ഓട, ചുറ്റുമതിൽ എന്നിവയാണ് ഒരുക്കുന്നത്. ഡിസംബറിൽ പൂർത്തിയാകും.
Comments