SPECIAL
വേണമെങ്കിൽ തണ്ണിമത്തൻ റോഡിലും കായ്‌ക്കും
കോഴിക്കോട്
വാഹനങ്ങൾ ഇരമ്പി ഓടുന്ന റോഡിന് മധ്യത്തിലെ ഡിവൈഡറിൽ പൊള്ളുന്ന വെയിലിൽ പ്രതീക്ഷയുടെ മധുരം പകർന്ന് തണ്ണിമത്തൻ. കേൾക്കുമ്പോൾ മാത്രമല്ല, എരഞ്ഞിപ്പാലം ജങ്‌ഷനിലെത്തി ഈ കാഴ്‌ച കാണുമ്പോഴും കൗതുകം തീരില്ല.
ജങ്‌ഷനു സമീപത്തെ ട്രാഫിക് ഡിവൈഡറുകളിലാണ് പറിക്കാൻ പാകത്തിലുള്ള കറാച്ചി തണ്ണിമത്തനുള്ളത്. ഡിവൈഡറുകളിൽ ചെടികൾ നട്ട് വളർത്തുന്ന കെ മാധവൻ എന്ന മാധവേട്ടനാണ് തണ്ണിമത്തൻ പരിപാലിക്കുന്നത്.
തനിയെ പൊട്ടിമുളച്ച ചെടിയിൽനിന്ന് ഇതിനകം രണ്ട് തണ്ണിമത്തനുകൾ പറിച്ചു. ഇത് സമീപത്തെ കടക്കാരും മാധവനും ചേർന്നെടുത്തു. ഒന്ന് മൂപ്പെത്തിയിട്ടുണ്ട്. രണ്ടെണ്ണം ചെറുതാണ്.
രണ്ടര വർഷം മുമ്പാണ് മാധവൻ ഡിവൈഡറുകളിൽ ചെടികൾ നടാൻ തുടങ്ങിയത്. ജമന്തി, നന്ത്യാർവട്ടം, തെച്ചി തുടങ്ങി നിരവധി ചെടികൾ ഇവിടെയുണ്ട്. സമീപത്തെ കടകളിൽ നിന്നുള്ള വെള്ളം നനയ്‌ക്കാൻ എടുക്കാറുണ്ട്.
ഇത്‌വഴി തണ്ണിമത്തന്റെ കുരു ചെടിതോട്ടത്തിൽ വീണാവാം ചെടിയുണ്ടായതെന്ന് മാധവൻ പറയുന്നു. കൽപ്പണിക്കാരനായ മാധവൻ എരഞ്ഞിപ്പാലം വിക്രം റോഡിലെ കൃപ നിവാസിലാണ് താമസം.
Comments