തെയ്യം – വടക്കൻ കേരളത്തിന്റെ ജീവനിശ്വാസമായ അനുഷ്ഠാനം

കുറത്തി

ശ്രീപാർവ്വതിയുടെ അവതാരമാണെന്നു വിശ്വസിക്കുന്ന കുറത്തി ഒരു ഉർവ്വരദേവതയാണ്. തുളുനാട്ടിൽ നിന്നും മലനാട്ടിലെത്തി വിവിധ കാവുകളിലും തറവാടുകളിലും സ്ഥാനം കൈക്കൊണ്ട കുറത്തിയമ്മ സ്ത്രീകളുടെ ഇഷ്ടദേവതയാണ്.


മലങ്കുറത്തി, പുള്ളിക്കുറത്തി, കുഞ്ഞാർകുറത്തി,വടക്കിനിയകത്ത് കുറത്തി, സേവക്കുറത്തി, വടക്കൻകുറത്തി, തെക്കൻകുറത്തി, അഗ്നിക്കുറത്തി, അന്തിക്കുറത്തി തുടങ്ങി 18 രൂപങ്ങളിൽ കുറത്തിയമ്മ പ്രത്യക്ഷപ്പെടുന്നു.

പട്ടാംബരം കെട്ടിയ പള്ളിയറകളെക്കാൾ തറവാട്ടുവീട്ടിലെ കൊട്ടിലകം ഇഷ്ടപ്പെടുന്ന ഈ ദേവി ഭൈരവാദി പഞ്ചമൂർത്തികളിൽ ഒരാളായി ആരാധിക്കപ്പെടുന്ന മന്ത്രമൂർത്തികൂടിയാണ്.

ഐതിഹ്യം

പരമശിവനെ തപസ്സു ചെയ്ത അർജുനനെ പരീക്ഷിക്കാനും അർജുനന്റെ അഹങ്കാരം ശമിപ്പിക്കാനുമായി ശിവപാർവ്വതിമാർ കാട്ടാളവേഷത്തിൽ പ്രത്യക്ഷപ്പെടുകയും തുടർന്നുണ്ടായ തർക്കത്തിനൊടുവിൽ ഇരുവരും തമ്മിൽ യുദ്ധത്തിലേർപ്പെടുകയും ചെയ്തു. ആളെ മനസ്സിലാകാതെ യുദ്ധം ചെയ്ത അർജുനൻ യുദ്ധത്തിൽ പരാജയപ്പെട്ടു. അപ്പോൾ ശിവൻ തന്റെ യഥാർത്ഥരൂപം കാണിക്കുകയും അർജുനനെ അനുഗ്രഹിച്ച് പാശുപതാസ്ത്രം നൽകുകുകയും ചെയ്തുവെന്നാണ് ഐതിഹ്യം. പിന്നീട് മലനാട്ടിലെ ഗ്രാമഭംഗി കണ്ട് ഇവിടെ തുടർന്ന പാർവ്വതി കുറത്തി വേഷം ധരിച്ച് കൃഷിയിടങ്ങളിലെ നിത്യസന്ദർശകയും കൃഷിക്കാരുടെ
സന്തതസഹചാരിയുമായി മാറി, കൃഷിയുടെ അധിദേവതയായി മാറി.

തെയ്യം
വേലസമുദായക്കാരാണ് പ്രധാനമായും കുറത്തിയെ കെട്ടിയാടുന്നത്. മലയൻ, മാവിലൻ, പുലയൻ തുടങ്ങിയ സമുദായങ്ങളും ഈ തെയ്യം കെട്ടാറുണ്ട്. കയ്യിൽ മുറവും കത്തിയുമായുള്ള കുറത്തിയമ്മയുടെ അതിമനോഹരമായ നൃത്തച്ചുവടുകൾ ഏറെ ആകർഷകമാണ്. കുറത്തിയമ്മയുടെയത്ര മനോഹരമായി നൃത്തം ചെയ്യുന്ന തെയ്യങ്ങൾ വിരളമാണ്. വിത്തുനടാൻ നിലമൊരുക്കുന്നതും നെല്ലുകൊയ്യുന്നതും കുത്തുന്നതുമെല്ലാം ഈ തെയ്യം അവതരിപ്പിക്കാറുണ്ട്. ഓലമുടിയും, തേപ്പും കുറിയും മുഖത്തെഴുത്തും, പൊയ്ക്കണ്ണും, അരയയൊടയുമാണ് വേഷം.

Comments

COMMENTS

error: Content is protected !!