വേദനകൾ മറന്ന് വീണ്ടും അവർ ചങ്ങാത്തപ്പന്തലിലേക്ക്

കോഴിക്കോട്: ശാരീരിക അവശതകൾ കാരണം വീടുകളുടെ നാലു ചുവരുകൾക്കുള്ളിൽ ഒതുങ്ങിയ മാലാഖമാരായ നമ്മുടെ നക്ഷത്രകുഞ്ഞുങ്ങൾ ഞായറാഴ്ച (സിസം: 27) വീണ്ടും ഒത്തു ചേരുന്നു. ഭിന്നശേഷിക്കാരുടെ സ്വതന്ത്ര കൂട്ടായ്മയായ ഏയ്ഞ്ചൽ സ്റ്റാറിന്റെ ഒൻപതാം വാർഷികം ‘ ചങ്ങാത്തപ്പന്തൽ’ നാളെ ചേമഞ്ചേരിയിലെ അഭയം സ്പെഷ്യൽ സ്കൂൾ അങ്കണത്തിൽ നടക്കും. അഭയം സ്കൂളുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന പരിപാടി രാവിലെ 11 ന് ആരംഭിക്കും. ചലച്ചിത്ര നടൻ നവാസ് വള്ളിക്കുന്ന്, ജാനു താമാശ ഫെയിം ലിധി ലാൽ തുടങ്ങിയവർ പങ്കെടുക്കും.
ജീവിതം കട്ടിലിലും വീൽ ചെയറിലുമായി ഒതുങ്ങേണ്ടിവന്നവർക്കായി ആരംഭിച്ചതാണ് ഏയ്ഞ്ചൽ സ്റ്റാർ. ഒന്നര വയസ്സിൽ പോളിയോ ബാധിച്ച് അരയ്ക്ക് താഴെ ചലനശേഷി നഷ്ടപ്പെട്ട ചേമഞ്ചേരി സ്വദേശിനി സാബിറ കെ പാറക്കലും അപകടത്തിൽ പരിക്കേറ്റ് ജീവിതം വീൽ ചെയറിലായ പ്രഭാകരൻ എളാട്ടേരിയും ചേർന്ന് 2013ലാണ് സംഘടന ആരംഭിച്ചത്. തങ്ങളെപ്പോലെ ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങാവുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച കൂട്ടായ്മ, ഇന്ന് ജില്ലയിലെയും മറ്റു ജില്ലകളിലെയും ശാരീരിക അവശതകൾ അനുഭവിക്കുന്നവരുടെ ആശ്വാസകേന്ദ്രമായി വളർന്നിരിക്കുന്നു.
എയ്ഞ്ചൽസ്റ്റാർ വർഷത്തിൽ രണ്ടു തവണ ഭിന്നശേഷിക്കാരുടെ കലാപരിപാടികളും കിടപ്പിലായവരുടെ ഒത്തുചേരലുകളും സംഘടിപ്പിക്കാറുണ്ട്. ഒട്ടും വയ്യാത്തവരെ വീടുകളിൽ പോയി കണ്ട് പരിപാടിക്ക് എത്തിക്കുകയാണ് പതിവ്. വീടുകളിൽ ഒറ്റപ്പെട്ടു കഴിയുന്നവർക്ക് ഈ പരിപാടികൾ ഇതിനകം തന്നെ വലിയ ആശ്വാസമായിത്തീർന്നിട്ടുണ്ട്. കോവിഡ് പ്രതിസന്ധി കാരണം ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ചങ്ങാത്തപ്പന്തൽ പുനരാരംഭിക്കുന്നത്. ശാരീരിക അവശതകൾ കാരണം ജീവിതത്തിൽ ഒറ്റപ്പെടൽ അനുഭവിക്കുന്നവർക്ക് ആശ്വാസമെന്ന നിലയിലാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് ഏഞ്ചൽ സ്റ്റാർസ് സെക്രട്ടറി സാബിറ വ്യക്തമാക്കുന്നു. കോവിഡ് കാലത്ത് കൂട്ടായ്മയിലുള്ളവർക്ക് ഭക്ഷ്യകിറ്റ് വിതരണവും മെഡിക്കൽ സഹായവും ഉൾപ്പെടെ ലഭ്യമാക്കിയിരുന്നതായി അവർ പറയുന്നു. വിവിധ സംഘടനകളുടെ സഹായത്തോടെ വീൽ ചെയർ വിതരണം, കിടപ്പിലായവർക്ക് പഠന സൗകര്യങ്ങൾ ഒരുക്കൽ, ജീവിതോപാധി കണ്ടെത്താനുള്ള സഹായങ്ങൾ നൽകൽ എന്നിവയും സംഘടനയുടെ നേതൃത്വത്തിൽ നടന്നുവരുന്നുണ്ട്. സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്ന ആളുകൾക്ക് സ്വയം തൊഴിലിന് വേണ്ടിയുള്ള സഹായങ്ങൾ ഉൾപ്പെടെ നൽകുന്ന സംഘടനയ്ക്ക് നിരവധി വളണ്ടിയർമാർ സഹായവുമായി ഒപ്പമുണ്ട്.
Comments

COMMENTS

error: Content is protected !!