വേനൽമഴയിൽ വെള്ളം കയറി നശിച്ച കീഴ്പയൂർ പാടശേഖര സമിതിയുടെ വിളവെടുക്കാറായ നെല്ല്
മേപ്പയ്യൂർ : കഴിഞ്ഞദിവസം പെയ്ത കനത്തവേനൽ മഴയിൽ കീഴ്പയൂർ പാടശേഖരത്തിലെ കരുവോട് ചിറമേൽ ഭാഗത്തിലെ വിളവെടുക്കാൻ പാകമായ നെൽക്കൃഷി വെള്ളംകയറി നശിക്കുന്നു.35 ഏക്കറോളമുള്ള പാടശേഖരത്തിൽ ഭൂരിഭാഗത്തും നെൽക്കൃഷിയുണ്ട്. കനത്തമഴയുടെ ഫലമായുണ്ടായ വെള്ളക്കെട്ട് നിമിത്തം കൊയ്ത്തുയന്ത്രം ഇറക്കാൻ കഴിയാത്ത സ്ഥിതിയാണ്. കഴിഞ്ഞ കോവിഡ് കാലത്ത് ഈ പാടശേഖരത്തിലെ നെല്ല് ഒട്ടേറെ യുവജന സന്നദ്ധസംഘടനകളുടെ സഹായത്തോടെയായിരുന്നു കൊയ്തെടുത്തത്. അന്നും വേനൽമഴ വില്ലനായെത്തിയിരുന്നു. സർക്കാരിൽനിന്ന് നാമമാത്രമായ സഹായധനമാണ് നെൽക്കൃഷിക്കാർക്ക് ലഭിക്കുന്നത്.
നെൽക്കൃഷിക്ക് കൃഷിഭവന്റെ പൂർണ പിന്തുണയുണ്ടെങ്കിലും പെട്ടെന്നുണ്ടാവുന്ന പ്രകൃതി പ്രതിഭാസങ്ങൾ കർഷകനെ കുഴക്കുക തന്നെയാണ്. കുറ്റ്യാടി ജലസേചന പദ്ധതിയുടെ നടുവത്തൂർ ബ്രാഞ്ച് കനാൽ തുറന്നാലും ചില സന്ദർഭങ്ങളിൽ ഇത്തരം വെള്ളക്കെട്ട് കർഷകർക്ക് വിനയാകുന്നുണ്ട്.നടയ്ക്കൽ ഭാഗത്തുനിന്ന് വേണ്ട രീതിയിലുള്ള പമ്പിങ് നടത്താത്തതും പാടശേഖരത്തിൽ വെള്ളം ഉയരാൻ പ്രധാന കാരണമാവുന്നുണ്ട്. കരുവോട് ചിറമേൽഭാഗത്ത് കൃഷിയിറക്കിയ നെൽക്കർഷകർക്ക് അടിയന്തരമായി സർക്കാരും കൃഷിവകുപ്പും സാമ്പത്തിക സഹായമുൾപ്പെടെ താങ്ങുനൽകണമെന്ന്കീഴ്പയൂർ പാടശേഖര സമിതി ജനറൽ സെക്രട്ടറി എടയിലാട്ട് ഉണ്ണിക്കൃഷ്ണൻ ആവശ്യപ്പെട്ടു.