വ്‌ളോഗർ റിഫ മെഹ്നുവിന്റെ മൃതദേഹം വീണ്ടും പോസ്റ്റുമോർട്ടം ചെയ്യാനുള്ള നീക്കവുമായി പൊലീസ്

വ്‌ളോഗർ റിഫ മെഹ്നുവിന്റെ മൃതദേഹം വീണ്ടും പോസ്റ്റുമോർട്ടം ചെയ്യാനുള്ള നീക്കവുമായി പൊലീസ്. മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം ചെയ്യാനുള്ള അനുമതിക്കായി താമരശേരി ഡിവൈഎസ്പിയാണ് ആർഡിഒയ്ക്ക് അപേക്ഷ നൽകിയത്. 

മാർച്ച് 1നാണ് വ്‌ളോഗർ റിഫ മെഹ്നുവിനെ ദുബായിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ദുബായിൽ വച്ച് ഫോറൻസിക് പരിശോധന മാത്രമാണ് നടത്തിയിരുന്നത്. പോസ്റ്റുമോർട്ടം നടത്തിയിരുന്നില്ല. അതുകൊണ്ട് തന്നെ കേരളത്തിൽ വീണ്ടും പോസ്റ്റുമോർട്ടം ചെയ്യണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.

വ്‌ളോഗർ റിഫാ മെഹ്നുവിന്റെ മരണത്തിൽ അന്വേഷണം ഊർജിതമാക്കണമെന്നാവശ്യപ്പെട്ട് കുടുംബം മന്ത്രി എ കെ ശശീന്ദ്രനെ സമീപിച്ചിരുന്നു. റിഫയുടെ മരണത്തിൽ ഭർത്താവിനും സുഹൃത്തിനും കൃത്യമായ പങ്കുണ്ടെന്ന് ആരോപിച്ച കുടുംബം ആവശ്യമെങ്കിൽ വീണ്ടും പോസ്റ്റുമോർട്ടം നടത്താനും തയാറാണെന്നും പിതാവ് റാഷിദ് അറിയിച്ചിരുന്നു.

‘റിഫയെ ഭർത്താവ് ദ്രോഹിച്ച ദൃശ്യങ്ങളെല്ലാം കണ്ടിട്ടുണ്ട്. ബോഡി പോസ്റ്റുമോർട്ടം പോലും ചെയ്യാതെ നാട്ടിലെത്തിച്ചു. റിഫയുടേത് കൊലപാതകം തന്നെയാണ്. കൈയബദ്ധം സംഭവിച്ചതാവാം. പിന്നീട് അത് ആത്മഹത്യയാക്കി മാറ്റിയതായിരിക്കാം. ഭർത്താവിന്റെ സുഹൃത്ത് ജംഷാദിന്റെ സംസാരത്തിലും ദുരൂഹതയുണ്ട്’ പിതാവ് റാഷിദ് പറയുന്നു.

Comments

COMMENTS

error: Content is protected !!