ശബരിമലയിലെ തിരക്ക് മുൻകൂട്ടി അറിഞ്ഞിട്ടും ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നതിൽ വീഴ്ച
ശബരിമലയിലേക്ക് തീർഥാടകരുടെ ബാഹുല്യം മുൻകൂട്ടി അറിഞ്ഞിട്ടും അതിനനുസരിച്ചുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നതിൽ ജില്ലാ ഭരണകൂടത്തിന്റെയും പോലീസിന്റെയും ഭാഗത്തുനിന്നുണ്ടായത് ഗുരുതര വീഴ്ച. ദർശനത്തിന് വെർച്വൽ ക്യൂ നിർബന്ധമാക്കിയതോടെ ഓരോദിവസം എത്രപേർ ബുക്കുചെയ്യുന്നുണ്ടെന്ന് മുൻകൂട്ടി അറിയാൻ സാധിക്കുമെന്നിരിക്കെയാണ് ഈ വീഴ്ച സംഭവിച്ചത്.
ദർശനത്തിനായി മരക്കൂട്ടം മുതൽ മണിക്കൂറുകളോളം വരിനിൽക്കേണ്ടി വരുമ്പോഴും സന്നിധാനത്തെ ഫ്ലൈ ഓവറിൽ തിരക്കില്ല. ഓരോ മിനിറ്റിലും പതിനെട്ടാംപടി കയറുന്നവരുടെ എണ്ണം കുറഞ്ഞതിന്റെ കൃത്യമായ ഉദാഹരണമാണിത്. ഇപ്പോഴത്തെ സാഹചര്യം കണക്കിലെടുത്ത് മിനിറ്റിൽ 80 മുതൽ 90 പേരെവരെയെങ്കിലും പതിനെട്ടാംപടി കയറ്റണം. എന്നാലേ, മരക്കൂട്ടംവരെ നീളുന്ന തിരക്ക് നിയന്ത്രിക്കാനാകൂ. ആദ്യ രണ്ട് ബാച്ചിലെ പോലീസുകാരും വളരെ വേഗത്തിലാണ് തീർഥാടകരെ പടികയറ്റിയിരുന്നത്. ഇവർ, 89,000 തീർഥാടകർ ദർശനം നടത്തിയ ദിവസങ്ങളിൽപോലും കൃത്യമായി തീർഥാടകരെ കയറ്റിവിട്ടിരുന്നു.