KERALA
ശബരിമലയിൽ യുവതീപ്രവേശം തടയാൻ നിയമം ഉടനില്ല: മോദി സര്‍ക്കാര്‍
ന്യൂഡൽഹി∙ ശബരിമല യുവതീപ്രവേശം തടയാൻ തൽക്കാലം നിയമനിർമാണമില്ലെന്ന് നിയമമന്ത്രി രവിശങ്കർ പ്രസാദ്. വിഷയം കോടതിയുടെ പരിഗണനയിലാണെന്ന് മന്ത്രി ലോക്സഭയിൽ അറിയിച്ചു. ആചാരസംരക്ഷണത്തിന് എൻ.കെ.പ്രേമചന്ദ്രൻ എംപി കഴിഞ്ഞ ദിവസം ലോക്സഭയിൽ സ്വകാര്യ ബിൽ അവതരിപ്പിച്ചിരുന്നു.
ശബരിമലയിലെ ആചാരങ്ങൾ നിലനിർത്താൻ വ്യവസ്ഥ ചെയ്യുന്ന ബില്ലാണ് പ്രേമചന്ദ്രൻ അവതരിപ്പിച്ചിരുന്നത്. ശബരിമലയില്‍ കഴിഞ്ഞ സെപ്റ്റംബര്‍ ഒന്നിനു മുമ്പുള്ള സ്ഥിതി തുടരാന്‍ വ്യവസ്ഥ ചെയ്യുന്നതാണ് ശ്രീധര്‍മശാസ്താ ടെമ്പിള്‍ (സ്‌പെഷല്‍ പ്രൊവിഷന്‍) ബില്‍ 2019.
നേരത്തെ ശബരിമല യുവതീപ്രവേശന വിഷയം ലോക്സഭയിൽ ബിജെപി എംപി മീനാക്ഷി ലേഖി ഉന്നയിച്ചിരുന്നു. ലോക്സഭയിൽ നടത്തിയ പ്രസംഗത്തിലാണ് യുവതീപ്രവേശം തടയാൻ ശബരിമലയിൽ നിയമനിർമാണം വേണമെന്ന് മിനാക്ഷി ലേഖി അഭിപ്രായപ്പെട്ടത്. ആചാരസംരക്ഷണത്തിന് ഭരണഘടനാ പരിരക്ഷ വേണം. അയ്യപ്പഭക്തരെ പ്രത്യേക വിഭാഗമായ കണക്കാക്കാൻ വ്യവസ്ഥ ചെയ്യുന്ന ബിൽ വേണമെന്നും ലേഖി പറഞ്ഞു. ‘ജയ് അയ്യപ്പ’ വിളിക്കിടെയാണ് ലേഖി പ്രസംഗം അവസാനിപ്പിച്ചത്.
Comments