ശബരിമല തീർത്ഥാടനം ആരംഭിച്ചതോടെ കെഎസ്ആർടിസിയുടെ വരുമാനം വർദ്ധിച്ചു
ശബരിമല തീർത്ഥാടനം ആരംഭിച്ചതോടെ പമ്പ കെ എസ് ആര്‍ ടി സി പമ്പ-നിലയ്ക്കല്‍ ചെയിന്‍ സര്‍വീസില്‍ നിന്ന് മാത്രം കെഎസ്ആര്‍ടിസിക്ക് 10 കോടിയുടെ വരുമാനം ലഭിച്ചു. ഡിസംബര്‍ 5 വരെയുള്ള കണക്കാണിത്. യാത്രക്കാരുടെ തിരക്ക് കൂടിയതോടെ ബസുകളുടെ എണ്ണവും കൂട്ടിയിട്ടുണ്ട്. 171 ബസുകള്‍ സർവീസ് നടത്തിയിരുന്ന സ്ഥാനത്ത് 189 ആയി വർദ്ധിപ്പിച്ചു.
സംസ്ഥാനത്തെ വിവിധ ഡിപ്പോകളില്‍ നിന്നാണ് കൂടുതല്‍ ബസുകള്‍ എത്തിച്ചത്. രണ്ട് ദിവസത്തിനകം 15 എ സി ലോ ഫ്ലോർ ബസുകള്‍ കൂടി എത്തുമെന്ന് കെ എസ് ആര്‍ ടി സി അധികൃതര്‍ അറിയിച്ചു. ഇതോടെ എ സി ബസുകളുടെ എണ്ണം 60 ആകും. നിലവിലെ 189 ബസുകളില്‍ 45 എണ്ണം എ സി ലോ ഫ്ലോർ ബസുകളാണ്.
ആകെ ബസുകളില്‍ മൂന്നില്‍ ഒരു ഭാഗം എ സി എന്ന നയമാണ് അധികൃതര്‍ പിന്തുടരുന്നത്. ഡിസംബര്‍ 5 ന് മാത്രം 2,055 റൗണ്ട് സര്‍വീസുകളാണ് ഈ റൂട്ടിൽ കെ എസ് ആര്‍ ടിസി നടത്തിയത്. നവംബര്‍ 30 വരെയുള്ള കാലയളവില്‍ ചെയിന്‍ സര്‍വീസിലൂടെ മാത്രം 10,93,716 പേര്‍ ശബരിമലയില്‍ എത്തി എന്നും കെഎസ്ആർടിസി അധികൃതർ വ്യക്തമാക്കി.