ജിബിന് ജീവിതം തിരിച്ചുപിടിക്കാൻ വേണം കൈത്താങ്ങ്
കൊയിലാണ്ടി : 2017 ഒക്ടോബർ ഒന്നിന് ഫുട്ബോൾ കളിക്കിടെ അവിചാരിതമായി സംഭവിച്ച ഒരപകടമാണ് കാരയാട് ഏക്കാട്ടൂർ തയ്യിന്നകണ്ടി ജിബിന്റെ ജീവിതം കീഴ്‌മേൽ മറിച്ചത്. കാരയാട് ഗിരീഷിന്റെയും ബിന്ദുവിന്റെയും മകനാണ് ജിബിൻ. പലവിധ ചികിത്സകൾ നടത്തിയെങ്കിലും കിടന്ന കിടപ്പിൽനിന്ന് എഴുന്നേൽക്കാൻ മാസങ്ങളേറെ വേണ്ടിവന്നു. കളിക്കിടയിൽ പന്തുകൊണ്ട് തലയുടെ പിൻഭാഗത്തേറ്റ ആഘാതം ഈ യുവാവിനെ അഞ്ചുവർഷമായി കിടപ്പുരോഗിയാക്കിയിരിക്കുകയാണ്. ദിവസം രണ്ടുനേരം ഡോക്ടർമാർ ഇടവിട്ട് നടത്തുന്ന ഫിസിയോതെറാപ്പിയിലൂടെ ശരീരത്തിന് ചലനശേഷി കൈവരുന്നുണ്ടെങ്കിലും ചികിത്സാഭാരം താങ്ങാൻ ഈ യുവാവിന്റെ കുടുംബത്തിനാവുന്നില്ല.
നാട്ടുകാരും ബന്ധുക്കളും കൈയയച്ച് സഹായം നൽകിയതിനാൽ ഇത്രയുംനാൾ പിടിച്ചുനിന്നു. ഏതാനും മാസങ്ങൾകൂടി ഫിസിയോ തെറാപ്പി ചികിത്സ തുടർന്നെങ്കിലേ അല്പാല്പമായി ചലനശേഷി തിരികെ കിട്ടുകയുള്ളു. ഇവരുടെ വീട് റോഡിൽനിന്ന് 40 മീറ്ററോളം കുത്തനെ കയറ്റമുളള ഒരിടത്താണ്. വീട്ടിലേക്ക് കോൺക്രീറ്റ് പാതയെങ്കിലും ഒരുക്കിയാൽ മുച്ചക്രവാഹനത്തിലെങ്കിലും മകനെ പുറത്തിറക്കാൻ കഴിയുമെന്ന് കുടുംബം പറയുന്നു. റോഡ് സൌകര്യം ഇല്ലാത്തതിനാൽ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് എത്തിക്കാൻ വളരെ പ്രയാസപ്പെടുന്നു.
കൂലിത്തൊഴിലാളിയാണ് ജിബിന്റെ അച്ഛൻ ഗിരീഷ്. മകനെ പരിചരിക്കേണ്ടതിനാലും സ്ഥിരമായി ചികിത്സ നടത്തേണ്ടതിനാലും ഗിരീഷിന് പണിക്കുപോകാൻ കഴിയാതായി. അവനെ ഒന്ന് മാറ്റിക്കിടത്താനോ, പ്രാഥമികകാര്യങ്ങൾ നിർവഹിപ്പിക്കാനോ എപ്പോഴും അടുത്തുണ്ടാവേണ്ട സ്ഥിതി. ഡോക്ടർമാർ നിർദേശിക്കുന്ന ലഘുവ്യായാമങ്ങൾ മകനെക്കൊണ്ട് ചെയ്യിപ്പിക്കുകയുംവേണം.
ജിബിന്റെ ചികിത്സയ്ക്കും കുടുംബത്തെ സഹായിക്കാനുമായി നാട്ടുകാർ കമ്മിറ്റിയുണ്ടാക്കി ബാങ്ക് അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. വി. ശിവദാസൻ (കൺവീനർ), വി. അഷറഫ് (ഖജാൻജി) എന്നിവർ ഭാരവാഹികളായി ചികിത്‌സാ സഹായ കമ്മിറ്റി പ്രവർത്തിക്കുന്നുണ്ട്.
ബാങ്ക് ഓഫ് ബറോഡയുടെ നടുവണ്ണൂർ ശാഖയിലാണ് അക്കൗണ്ട്.
എ.സി. നമ്പർ- 68810100002774,
ഐ.എഫ്.എസ്.സി കോഡ്- BARBOVJNADU
എം.ഐ.സി.ആർ 673012023.