പ്രസവ ശസ്ത്രക്രിയക്കിടയിൽ കത്രിക വയറിൽ കുടുങ്ങിയ സംഭവം; മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു
ശസ്ത്രക്രിയക്കിടയിൽ കത്രിക വയറിൽ കുടുങ്ങിയ സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു. കോഴിക്കോട്- പ്രസവ ശസ്ത്രക്രിയക്കിടെ വയറിനുള്ളിൽ കുടുങ്ങിയ കത്രികയുമായി യുവതിക്ക് അഞ്ചുവർഷം ജീവിക്കേണ്ടി വന്ന സംഭവത്തിലാണ് മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടത്. കോഴിക്കോട് മെഡിക്കൽ കോളേജ് സൂപ്രണ്ട് ഗുരുതരമായ കൃത്യവിലോപത്തെ കുറിച്ചും ഉത്തരവാദികളായ ജീവനക്കാരെയും കുറിച്ച് വിശദമായ അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. കോഴിക്കോട് കളക്ടറേറ്റിൽ ഒക്ടോബർ 28 ന് നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയുടെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതരമായ അശ്രദ്ധയാണെന്ന് കമ്മീഷൻ ഇടക്കാല ഉത്തരവിൽ നിരീക്ഷിച്ചു. യുവതി അനുഭവിച്ചത് വിവരണാതീതമായ വേദനയാണെന്നും കമ്മീഷൻ ചൂണ്ടിക്കാണിച്ചു.