അവയവദാനം ഏകോപിപ്പിക്കുന്നതിന് കെ സോട്ടോയ്ക്ക് പുതിയ വെബ്‌സൈറ്റ്

അവയവദാനം ഏകോപിപ്പിക്കുന്നതിന് കെ സോട്ടോയ്ക്ക് പുതിയ വെബ്‌സൈറ്റ്. കേരളത്തിലെ മരണാനന്തര അവയവദാന പദ്ധതിയുടെ നടത്തിപ്പും മേല്‍നോട്ടവും വഹിക്കുന്ന കേരള സ്റ്റേറ്റ് ഓര്‍ഗന്‍ ആന്റ് ടിഷ്യൂ ട്രാന്‍സ്പ്ലാന്റ് ഓര്‍ഗനൈസേഷന്റെ (കെ സോട്ടോ) ഔദ്യോഗിക വെബ്‌സൈറ്റ് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പുറത്തിറക്കി. എന്‍ഐസി, സി-ഡിറ്റ് എന്നിവ മുഖേനയാണ് വെബ്‌സൈറ്റ് തയ്യാറാക്കിയത്. അവയവദാനവുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളും ഒരു കേന്ദ്രീകൃത പ്ലാറ്റഫോമില്‍ ലഭ്യമാക്കുന്നതിനായാണ് പുതിയ വെബ്‌സൈറ്റ് തയ്യാറാക്കിയതെന്ന് മന്ത്രി പറഞ്ഞു.

അവയവദാന മേഖലയിലും അവയവമാറ്റ ശസ്ത്രക്രിയ ഉള്‍പ്പെടെയുള്ള കാര്യങ്ങളിലും സുതാര്യത ഉറപ്പുവരുത്താന്‍ ഈ വെബ്‌സൈറ്റ് സഹായിക്കും. അവയവദാനം പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം ഈ രംഗത്തെ കച്ചവട താൽപര്യങ്ങള്‍ അവസാനിപ്പിക്കുന്നതിനും സുതാര്യമാക്കാനും വേണ്ടിയാണ് ഈ സര്‍ക്കാരിന്റെ കാലത്ത് കെ സോട്ടോ ആരംഭിച്ചത്. പുതിയ വെബ്‌സൈറ്റിലൂടെ സംസ്ഥാന തലത്തില്‍ കൃത്യമായി മോണിറ്റര്‍ ചെയ്യുന്നതിനും ഏകോപിപ്പിക്കാനും സാധിക്കും. അവയവ ദാനവുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്ക് ആവശ്യമായ എല്ലാവിവരങ്ങളും ഈ വെബ്‌സൈറ്റിലൂടെ ലഭ്യമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

https://ksotto.kerala.gov.in/ എന്നതാണ് വെബ്‌സൈറ്റിന്റെ വിലാസം. പൊതുജനങ്ങള്‍ക്ക് അവയവദാനത്തെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ലഭ്യമാകുന്ന പബ്ലിക് ഇന്റര്‍ഫേസും അവയവങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് രോഗികള്‍ക്ക് അവര്‍ ചികിത്സ തേടുന്ന ആശുപത്രി വഴി രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള ഹോസ്പിറ്റല്‍ ലോഗിനുമുണ്ട്. മരണശേഷം അവയവം ദാനം ചെയ്യുന്നതിനുള്ള സമ്മതപത്രം സമര്‍പ്പിക്കുന്നതിനും അതിനുള്ള രേഖയായ ഡോണര്‍ കാര്‍ഡ് പ്രിന്റ് ചെയ്‌തെടുക്കുന്നതിനുമുള്ള സൗകര്യമുണ്ട്. സംശയ നിവാരണത്തിനുള്ള എഫ്എക്യൂ വിഭാഗവുമുണ്ട്.

Comments

COMMENTS

error: Content is protected !!