ശിവദാസ് പൊയിൽക്കാവ്; സിനിമയിൽ നാടകം ഉരുക്കിച്ചേർത്ത പ്രതിഭ
‘പുഴു സിനിമക്ക് വേണ്ടി അവതരണഗാനം രചിച്ച, സിനിമക്കകത്തെ നാടകം എഴുതി സംവിധാനം നിർവഹിച്ച, ശിവദാസ് പൊയിൽകാവ്, സിനിമയിലെ ആദ്യ ചുവടുവെപ്പിൽ തന്നെ ശ്രദ്ധേയനാകുന്നു. കേരളത്തിലെ അറിയപ്പെടുന്ന കുട്ടികളുടെ തിയേറ്റർ ആക്ടിവിസ്റ്റായ ശിവദാസ്, ഇക്കാലമത്രയും കേരളത്തിൽ അറിയപ്പെട്ടത് ആത്തോ പൊറത്തോ, കാന്താരിപ്പൊന്ന് ചക്കരപ്പന്തൽ പോലുള്ള നാടകങ്ങളുടെ പേരിലാണെങ്കിൽ, സിനിമയുടെ പുതിയ ഭാവുകത്വങ്ങളിൽ നാടകത്തെ ഉരുക്കി ചേർക്കുക എന്ന സാഹസിക പ്രവൃത്തിയിലൂടെയാണ്, ഇപ്പോൾ കേരളമാകെ ശ്രദ്ധേയനാകുന്നത്. ഷർഹാദ്, ഷർഫു, സുഹാസ് എന്നി പുതുഭാവുകത്വ രചയിതാക്കൾ ചേർന്ന് രചിച്ച്, ബാലുശ്ശേരിക്കാരിയായ രത്തീന എന്ന പൊളിറ്റിക്കൽ കറക്ട്നസ്സിൽ വിട്ടുവീഴ്ച ചെയ്യാത്ത സംവിധായികയിലൂടെ, കേരളമാകെ ചർച്ച ചെയ്യുന്ന, പുഴു, എന്ന സിനിമക്ക് വേണ്ടിയാണ് ശിവദാസ് പൊയിൽക്കാവ് നാടക സംവിധാനം നിർവഹിച്ചത്. ആ സിനിമക്ക് വേണ്ടി അവതരണഗാനമെഴുതിയത്, പാർവ്വതി തിരുവോത്ത്, മമ്മൂട്ടി,അപ്പുണ്ണി ശശി എന്നിവർ ചേർന്നൊരുക്കുന്ന ബ്രാഹ്മണിക് ദളിത് കോമ്പിനേഷഷന്റെ ആവിഷ്കാരമാണ് പുഴു എന്ന സിനിമ.
എത്രയേറെ കരിച്ചുകളയുമ്പോഴും മനുഷ്യരുടെ ബോധാബോധങ്ങളിലും ചിന്തയിലും ഹൃദയത്തിലും ജാതിപ്പുഴുക്കൾ പിറന്നുകൊണ്ടേയിരിക്കുന്നു. ജീവിതത്തിന്റെ എല്ലാ സൗന്ദര്യാനുഭൂതികളിലും വ്യവഹാരങ്ങളിലും ഈ പുഴുക്കൾ പെററുപെരുകുന്നു. മൂല്യ ബോധങ്ങളെ തിന്നു തീർക്കുന്നു. ഇഴഞ്ഞിഴഞ്ഞ് വടുക്കളുണ്ടാക്കുന്നു. പുരാണേതിഹാസങ്ങളിൽ നിന്ന് ഇഴഞ്ഞിറങ്ങുന്ന ഈ പുഴുക്കൾ ആധുനിക ശാസ്ത്രത്തിന്റെ ഉത്തുംഗമായ റോക്കറ്റ് വിക്ഷേപണത്തറകളിൽ വരെ ഇഴഞ്ഞിഴഞ്ഞെത്തുന്നു.
‘തക്ഷകൻ’മാരെ ശാപോക്തികളായും തെയ്യാട്ടങ്ങളായും ആഭിചാരക്രിയകളായും മെരുക്കിയൊതുക്കുന്ന ആധുനികതയുടെ വൈഭവങ്ങളോട് സംവദിക്കാൻ പുഴു സിനിമയെ പ്രാപ്തമാക്കുന്നതിൽ, സിനിമയിൽ ഉരുക്കിച്ചേർത്ത നാടകത്തിന് വലിയ പങ്കുണ്ട് എന്ന് പറയാതിരിക്കാനാവില്ല. അത് നിർവഹിക്കുക എന്ന സാഹസിക പ്രവൃത്തിയാണ് ശിവദാസ് പൊയിൽക്കാവ് ഭംഗിയായി നിർവഹിച്ചത്.
വലിയവരുടെ ഭാഷയും ബോധവും തിരുകിക്കയറ്റിയ വൈകൃതങ്ങൾ കുട്ടികളുടെ നാടകങ്ങളായി സ്കൂളുകളിൽ അവതരിപ്പിക്കപ്പെട്ട കാലത്താണ് പൊളിച്ചെഴുത്തിന്റെ കളിയരങ്ങുകൾക്കുള്ള ഇടങ്ങൾ ശിവദാസ് പൊയിൽക്കാവ് കണ്ടെടുക്കുന്നത്. അങ്ങിനെയാണ് ആത്തോ പൊറത്തോ, കാന്താരിപ്പൊന്ന്, കാക്ക, എലിപ്പെട്ടി, സുപ്രഭാതം, അരേ മൈഗോഡ് തുടങ്ങിയ കുട്ടികളുടെ നാടങ്ങളുമായി, ഒടിഞ്ഞും വളഞ്ഞും, കളിച്ചും ചിരിച്ചും കരഞ്ഞും ചുവടുറപ്പിക്കുന്ന ഒരു സംഘം നാടകക്കുട്ടികളുമായി ശിവദാസ് പൊയിൽക്കാവ്, സ്കൂൾ കലോത്സവ വേദികൾ കയ്യടക്കുന്നത്. തുടർന്നാണ് അപ്പുണ്ണി ശശിയുടെ ചക്കരപ്പന്തലുമായി മുതിർന്നവരുടെ നാടകവേദികളെ പുതുക്കിപ്പണിയുന്നത്. ഇപ്പോൾ സിനിമയുടെ പുതുഭാവുകത്വപ്പുലരികൾ കരഞ്ഞു പിറക്കുന്ന ഈറ്റുപുരകളിലും തനിക്കൊരിടമുണ്ട് എന്ന് പ്രഖ്യാപിക്കുകയാണ് ഈ സിനിമയിലൂടെ ശിവദാസ് പൊയിൽകാവ് ചെയ്യുന്നത്. തന്റെ സഹപ്രവർത്തകരായ നിധീഷ് പൂക്കാട്, ഹാറൂൺ അൽ ഉസ്മാൻ, ആനന്ദ് ബാബുരാജ് എന്നിവരാണ് ശിവദാസിന് രംഗകല ഒരുക്കിയത്. ജെയ്ക്സ് ബിജോയിയുടെ സംഗീതത്തിൽ അതുൽ നറുകരയാണ് അവതരണ ഗാനം പാടിയത്.തിരുവങ്ങൂർ ഹയർ സെക്കണ്ടറി സ്കൂൾ, ഇംഗ്ലീഷ് അദ്ധ്യാപകനാണ് ശിവദാസ് പൊയിൽക്കാവ്.
എൻ വി ബാലകൃഷ്ണൻ