ശിവരാത്രി മണപ്പുറം പാലത്തിലും കോടികളുടെ കുംഭകോണം; ടെൻഡർ തുക ആറ‌് കോടി, പൂർത്തിയാപ്പോൾ 17 കോടി

കൊച്ചി > ആലുവ ശിവരാത്രിക്ക‌് കൊട്ടാരക്കടവ‌് മുതൽ മണപ്പുറംവരെ മുമ്പ‌് എല്ലാ വർഷവും നഗരസഭ താൽക്കാലിക നടപ്പാലം കെട്ടിയിരുന്നു. മുളകൊണ്ടുള്ള ആ പാലത്തിന്റെ ശരാശരി ചെലവ‌് 30 ലക്ഷം. തീർഥാടകരിൽനിന്ന‌് ടോൾ പിരിച്ചിരുന്നതിനാൽ നഗരസഭയ‌്ക്കും സാമ്പത്തിക ബാധ്യതയില്ല. ഇങ്ങനെയിരിക്കെയാണ‌് സ്ഥിരം നടപ്പാലം എന്ന ആശയവുമായി 2014ൽ യുഡിഎഫ‌് സർക്കാർ എത്തിയത‌്. മഴക്കാലത്ത‌് വെള്ളത്തിൽ മൂടുന്ന പാലം കോടികളുടെ
കുംഭകോണത്തിലൂടെ പാലാരിവട്ടത്തിന്റെ മറ്റൊരു പതിപ്പായി.

 

200 മീറ്റർ നീളവും മൂന്ന‌് മീറ്റർ വീതിയും രണ്ട‌് തൂണുകളും മാത്രമുള്ള നടപ്പാലത്തിന്റെ ടെൻഡർ തുക ആറ‌് കോടിയായിരുന്നു. പണി പൂർത്തിയാപ്പോൾ 17 കോടിയായി.  കരാറുകാരന‌് കോടികളുടെ സാമ്പത്തിക നേട്ടമുണ്ടാക്കിയ പദ്ധതിയിൽ  കോഴ പല വഴികളിലൂടെ ഒഴുകി. കരാറെടുത്ത  കമ്പനിക്ക‌് ഇത്തരത്തിൽ  ആർച്ച‌് നടപ്പാലം നിർമിച്ച മുൻപരിചയമില്ല. അങ്ങനെയൊരു കമ്പനി റജിസ‌്റ്റർ ചെയ‌്തിട്ടുപോലുമില്ലെന്നാണ‌് സംസ്ഥാന റജിസ‌്ട്രാർ ഓഫ‌് ഫേംസിൽനിന്ന‌് വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകൾ സാക്ഷ്യപ്പെടുത്തുന്നത‌്. ടെൻഡർ നൽകിയതിലും നടപടിക്രമങ്ങൾ പാലിച്ചിട്ടില്ല. സാങ്കേതിക അനുമതിയോ വിദഗ‌്ധ പരിശോധനയോ   ഇല്ലാതെയായിരുന്നു എല്ലാം. 20 ദിവസത്തെ സമയം നൽകി 2014 ഒക‌്ടോബർ ഒമ്പതിന‌് ടെൻഡർ വിളിച്ചു. ടെൻഡർ നൽകിയിയത‌് രണ്ടുപേർ മാത്രം.  ടെൻഡർ നൽകിയ കമ്പനി സമർപ്പിച്ച ഡിസൈനും കമ്പി, സിമെന്റ‌് തുടങ്ങിയ നിർമാണ സാമഗ്രികളുടെ എസ‌്റ്റിമേറ്റ‌ും എല്ലാം പൊതുമരാമത്ത‌് വിഭാഗം ചീഫ‌് എൻജിനിയർ അടങ്ങുന്ന കമ്മിറ്റി പരിശോധിക്കേണ്ടതാണ‌്. അതൊന്നും  ഉണ്ടായിട്ടില്ല.

 

നടപ്പാലം നിർമാണത്തിലെ ക്രമക്കേടിനെതിരെ അന്നത്തെ പൊതുമരാമത്ത‌് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ‌്, അൻവർസാദത്ത‌് എംഎൽഎ,  മുൻ ചീഫ‌്സെക്രട്ടറി ജിജി  തോംസൺ, മുൻ പിഡബ്ല്യുഡി സെക്രട്ടറി എ പി എം മുഹമ്മദ‌്ഹനീഷ‌് എന്നിവരെ പ്രോസിക്യൂട്ട‌് ചെയ്യാനും വിജിലൻസ‌് അന്വേഷണം നടത്താനും സർക്കാരിന‌് നിർദേശം നൽകണമെന്ന‌് ആവശ്യപ്പെടുന്ന ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ‌്. പൊതുപ്രവർത്തകനായ ഖാലീദ‌് മുണ്ടപ്പിള്ളി നൽകിയ ഹർജിയിൽ ആകെ 10 പ്രതികൾ.

 

തൃശൂർ വിജിലൻസ‌് കോടതിയിൽ എത്തിയ പരാതി പീന്നീട‌് മൂവാറ്റുപുഴ വിജിലൻസ‌് കോടതിയിലേക്ക‌് മാറ്റിയെങ്കിലും ഫലപ്രദമായ അന്വേഷണം നടന്നില്ല. ഇതിനിടെ, സംസ്ഥാന വിജിലൻസ‌് ഡയറക‌്ടർക്കും പരാതി നൽകിയെങ്കിലും അന്വേഷണം വഴിപാടായി. ഇപ്പോൾ മുഖ്യമന്ത്രിക്കും പൊതുമരമാത്ത‌് മന്ത്രിക്കും പരാതി നൽകി കാത്തിരിക്കുകയാണ‌് ഹർജിക്കാരനായ ഖാലിദ‌് മുണ്ടപ്പിള്ളി.
Comments

COMMENTS

error: Content is protected !!