ശുചിമുറി മാലിന്യ പ്ലാന്റിനെച്ചൊല്ലി വനിതാ കൗൺസിലർമാർ തമ്മിൽ വാഗ്വാദം
കോഴിക്കോട് ∙ വെള്ളയിൽ പുതിയകടവ് ആവിക്കൽത്തോടിനു സമീപത്തെ നിർദിഷ്ട ശുചിമുറി മാലിന്യ പ്ലാന്റിനെച്ചൊല്ലി വനിതാ കൗൺസിലർമാർ തമ്മിൽ വാക്കേറ്റം. സിപിഎമ്മിന്റെ വനിതാ കൗൺസിലർക്കെതിരെ മുസ്‌ലിം ലീഗ് വനിതാ കൗൺസിലറെ അശ്ലീല വാക്പ്രയോഗം നടത്തി അപമാനിച്ചുവെന്നാരോപിച്ച് ടൗൺ പൊലീസ് സ്റ്റേഷനിലും മേയർക്കും പരാതി നൽകി. ആവിക്കൽതോട് ജനകീയ സമരസമിതി പ്രവർത്തകർ കോർപറേഷനിലേക്ക് മാർച്ചും പ്രതിഷേധസമരവും നടത്തി. കോർപറേഷൻ ഓഫിസിൽ കയറി വധഭീഷണി മുഴക്കിയെന്ന് ആരോപിച്ച് സിപിഎം കൗൺസിലറും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇടതു കൗൺസിലർമാർ കോർപറേഷൻ ഓഫിസിൽ ധർണ നടത്തി.
രാവിലെ കോർപറേഷൻ സ്ഥിരംസമിതി അധ്യക്ഷന്റെ ഓഫിസിലാണ് സംഭവം. കോർപറേഷൻ ജീവനക്കാരുടെ സംഘടനയും പ്രതിഷേധസമരം നടത്തി. കഴിഞ്ഞ ദിവസം നടന്ന കോർപറേഷൻ കൗൺസിൽ യോഗത്തിൽ ആവിക്കൽത്തോട് സംബന്ധിച്ചുണ്ടായ വിവാദങ്ങൾ മാധ്യമങ്ങളിലൂടെ പൊതുജനങ്ങൾ അറിഞ്ഞിരുന്നു. എന്നാൽ ഇക്കാര്യങ്ങൾ സമരസമിതി നടത്തിയ മനുഷ്യശൃംഖലയുടെ വേദിയിൽ വിവരിച്ചുവെന്ന് പറഞ്ഞാണ് അരക്കിണർ കൗൺസിലർ ടി.കെ.ഷമീന അധിക്ഷേപിച്ചതെന്ന് വെള്ളയിൽ കൗൺസിലർ സൗഫിയ അനീഷ് പറഞ്ഞു. മോശം പരാമർശങ്ങളുണ്ടായതോടെ സൗഫിയ അനീഷ് മേയർ ബീന ഫിലിപ്പിനു പരാതി നൽകി. എസ്ഡിപിഐ പ്രവർത്തകർ ഓഫിസിൽ അതിക്രമിച്ചുകയറി ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച് കൗൺസിലർ ഷമീനയും പൊലീസിൽ പരാതി നൽകി. വാർഡിലെ ജനകീയസമരത്തിനു പിന്തുണ കൊടുത്തതിന്റെ പേരിൽ ലീഗ് കൗൺസിലർ സൗഫിയ അനീഷിനെ വ്യക്തിപരമായി അധിക്ഷേപിച്ച സംഭവത്തിൽ മുസ്‌ലിം ലീഗ് പുതിയകടവ് കമ്മിറ്റി പ്രതിഷേധിച്ചു.