ശ്രദ്ധ ആർട് ഗാലറിയിൽ ‘ബീയിംഗ്’ ചിത്ര പ്രദർശനം.
കൊയിലാണ്ടി: വിശ്വോത്തര സാഹിത്യവും കലയുമൊക്കെ പിറവി കൊണ്ടത് സ്പാനിഷ് ഫ്‌ലൂ, പ്‌ളേഗ്, വസൂരി പോലുള്ള മഹാമാരികളുടെ കാലത്താണെന്നത് ചരിത്രത്തിലെ വിരോധാഭാസമായി തോന്നാമെങ്കിലും അതൊരു യാഥാര്‍ത്ഥ്യം തന്നെയാണെന്ന് പ്രശസ്ത ചിത്രകാരന്‍ പോള്‍ കല്ലാനോട് പറഞ്ഞു. കൊയിലാണ്ടി ശ്രദ്ധ ഓഡിറ്റോറിയത്തില്‍ സിത്താര നിതിന്റെ സോളോ പെയ്ന്റിംഗ്പ്രദര്‍ശനം(ബീയിംഗ്) ചിത്രം വരച്ച് ഉദ്ഘാടനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോവിഡ് കാലവും ചരിത്രത്തില്‍ അടയാളപ്പെടുക ഈ വിധത്തില്‍ തന്നെയായിരിക്കും. ‘രണ്ടു പേര്‍ ചുംബിക്കുമ്പോള്‍ ലോകം മാറുന്നു’ എന്ന് പറയുന്ന പോലെ, രണ്ട് പേര്‍ സംസാരിക്കുമ്പോഴും ലോകം മാറുന്നുണ്ട്. സംഭാഷണങ്ങളും കൂടിച്ചേരലുകളും വിലക്കപ്പെടുമ്പോള്‍ സാഹിത്യവും കലയും പകരം വെക്കപ്പെടുന്നുണ്ട്. ഒരു പക്ഷേ സരിതയേപ്പോലൊരു ചിത്രകാരി കലയുടെ ചക്രവാളങ്ങളെ തൊട്ടുയരാനിടയാക്കിയതും ഒരു മഹാമാരിക്കാലത്താണെന്നത് പ്രധാനം തന്നെയാണ്. കാഴ്ച പലവിധത്തിലുണ്ട്. വര്‍ത്തമാനകാലത്ത് ഒരു പെണ്ണിന്റെ കാഴ്ചയിലൂടെ ലോകത്തെ കാണാന്‍ കഴിയുന്നത് വലിയ കാര്യമാണ്. കോവിഡ് കാലത്തും കുന്നുകൂടിയ അപശകുനങ്ങള്‍ക്കിടയില്‍ നിന്ന് പ്രതീക്ഷയുടെ പകലുകളെ കണ്ടെത്തുന്നവയാണ് സിത്താര നിതിന്റെ ചിത്രങ്ങള്‍. അദ്ദേഹം പറഞ്ഞു. പ്രശസ്ത ചിത്രകാരനും കവിയുമായ യു.കെ.രാഘവന്‍ അദ്ധ്യക്ഷനായിരുന്നു. എന്‍.വി.ബാലകൃഷ്ണന്‍, കെ.ശാന്ത, റഹ്മാന്‍ കൊഴുക്കല്ലൂര്‍, ഷാജി കാവില്‍, നവീന്‍കുമാര്‍, എന്‍.കെ.മുരളി എന്നിവര്‍ സംസാരിച്ചു. സിതാരനിതിന്‍ നന്ദി പറഞ്ഞു. സായീ പ്രസാദ് ചിത്രകൂടം ക്യൂറേറ്റ് ചെയ്യുന്ന പ്രദര്‍ശനം ഫിബ്രവരി പത്ത് വരെ തുടരും.