ശ്രീനിവാസൻ കൊലപാതകം; നാല് പേർ പിടിയിൽ
പാലക്കാട്: ആര് എസ് എസ് പ്രവര്ത്തകന് ശ്രീനിവാസന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നാലുപേര്‍ കസ്റ്റഡിയിലായെന്ന് എ ഡി ജി പി വിജയ് സാഖറെ. ഇവരുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്നും കേസില്‍ 16 പ്രതികളുണ്ടെന്നും അദ്ദേഹം പറഞ്ഞു. റിസ്വാൻ, സഹദ്, ബിലാൽ, റിയാസ് ഖാൻ എന്നിവരാണ് പിടിയിലായത്. നാലു പേരും പാലക്കാട് ജില്ലക്കാരാണ്. ഗൂഡാലോചന, കൃത്യം നടത്താൻ സഹായിച്ചു എന്നിവയാണ് ഇവർക്കെതിരായ വകുപ്പുകൾ. ഇവരുടെ അറസ്റ്റ് ഇന്ന് തന്നെ രേഖപ്പെടുത്തുമെന്നും എഡിജിപി പറഞ്ഞു.
ശ്രീനിവാസനെ കൊലപ്പെടുത്താൻ മൂന്ന് ബൈക്കുകളിലായി ആറംഗ സംഘം എത്തുന്നതിന് മുൻപ് തന്നെ മേലാമുറിയിൽ സഹായികളായി ചിലർ നിലയുറപ്പിച്ചിട്ടുണ്ടായിരുന്നു. ശ്രീനിവാസന്റെ നീക്കങ്ങൾ മനസിലാക്കി കൊലയാളി സംഘത്തെ വിളിച്ചു വരുത്തിയതും കൃത്യത്തിന് ശേഷം അവർക്ക് രക്ഷപ്പെടാൻ വഴിയൊരുക്കിയതും ഇവരായിരുന്നു. ഈ സംഘത്തിലെ നാലു പേരാണ് പിടിയിലായത്. കേസിൽ 16 പേർ പ്രതികളാകുമെന്ന് ഇപ്പോൾ കരുതുന്നു. ഗൂഢാലോചനയിൽ കൂടുതൽ പേരുണ്ട്. പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈർ കൊല്ലപ്പെട്ട അന്നാണ് കൊലപാതകം പദ്ധതിയിട്ടത്. ജില്ലാ ആശുപത്രി മോർച്ചറിക്ക് പുറകിൽ ഇരുന്നാണ് പ്രതികൾ കൊലപാതകം ആസൂത്രണം ചെയ്തത് എന്നും എഡിജിപി അറിയിച്ചു.
നിലവില്‍ കസ്റ്റഡിയിലുള്ള നാലുപേരും കൊലപാതകം നടത്തിയ ആറംഗസംഘത്തിനൊപ്പം പോയവരാണെന്നാണ് സൂചന. അതേസമയം, കേസിലെ മുഖ്യപ്രതികളെല്ലാം ഇപ്പോഴും ഒളിവിലാണ്. ഇവരെ പിടികൂടാനായി പോപ്പുലര്‍ ഫ്രണ്ടിന്റെ ശക്തികേന്ദ്രങ്ങളിലടക്കം പോലീസ് തിരച്ചില്‍ തുടരുകയാണ്.