KERALA
ശ്രീശാന്തിന്റെ വീട്ടിൽ അഗ്നിബാധ; ഒരു മുറി പൂർണമായും കത്തിനശിച്ചു
ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ വീട്ടിൽ തീപ്പിടിത്തം. ഇടപ്പള്ളിയിലെ വീട്ടിൽ ശനിയാഴ്ച പുലർച്ചെ രണ്ടോടെയാണ് തീ പടർന്നത്. വീട്ടിലെ ഒരു മുറി പൂർണമായി കത്തിനശിച്ചു. തീപ്പിടുത്തത്തിൻ്റെ സമയത്ത് ശ്രീശാന്തിൻ്റെ ഭാര്യയും കുട്ടികളും മാത്രമാണ് ഉണ്ടായിരുന്നത്. ആർക്കും ആളപായമില്ല.
തൃക്കാക്കര ഗാന്ധിനഗർ നിലയത്തിലെ ഫയർഫോഴ്സ് എത്തി തീ അണച്ചു. ഷോട്ട് സർക്യൂട്ടാണ് തീപ്പിടിത്തത്തിനു കാരണമായത് എന്നാണു പ്രാഥമിക നിഗമനം.
കഴിഞ്ഞ ദിവസം ശ്രീശാന്തിൻ്റെ വിലക്ക് ബിസിസിഐ വെട്ടിക്കുറച്ചിരുന്നു. ആജീവനാന്ത വിലക്ക് ഏഴു വർഷമായാണ് കുറച്ചത്. 2020 സെപ്തംബറോടെ ശ്രീശാന്തിൻ്റെ വിലക്ക് അവസാനിക്കും. ബിസിസിഐ ഓംബുഡ്സ്മാൻ ഡികെ ജെയിൻ്റെ നിർദ്ദേശ പ്രകാരമായിരുന്നു നടപടി. 36കാരനായ ശ്രീശാന്തിൽ ഇനി എത്രത്തോളം ക്രിക്കറ്റ് ബാക്കിയുണ്ടെന്നത് സംശയകരമാണെങ്കിലും ഈ നിലപാട് താരത്തിന് ഏറെ ആശ്വാസമായേക്കും. ആഭ്യന്തര ടൂർണമെൻ്റുകളിൽ കളിച്ച് കളിക്കളത്തിലേക്ക് തിരിച്ചെത്താനാവും അദ്ദേഹത്തിൻ്റെ ശ്രമം.
കരിയറിലെ സുപ്രധാനമായ ഏഴു വർഷങ്ങൾ നഷ്ടമായതിന് ആരോടും പരാതിയില്ലെന്ന് ശ്രീശാന്ത് വിഷയ സംബന്ധിയായി പ്രതികരിച്ചിരുന്നു. ആഭ്യന്തര ക്രിക്കറ്റിൽ കേരളത്തിനായി കളിച്ച് തിരികെ വരണമെന്നാണ് തൻ്റെ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.
2013ലാണ് ശ്രീശാന്ത് കോഴ വിവാദത്തിൽ പെടുന്നത്. ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിൻ്റെ താരമായിരുന്ന ശ്രീ മറ്റ് രണ്ട് ടീം അംഗങ്ങൾക്കൊപ്പമാണ് സംശയത്തിൻ്റെ നിഴലിലായത്. ശേഷം സുപ്രീം കോടതി താരത്തെ വെറുതെ വിട്ടെങ്കിലും ബിസിസിഐ വിലക്ക് തുടർന്നു. പലതവണ അപ്പീൽ നൽകിയെങ്കിലും വിലക്ക് മാറ്റാൻ ബിസിസിഐ തയ്യാറായിരുന്നില്ല.
മൂന്ന് മാസങ്ങൾക്കുള്ളിൽ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകണമെന്ന് ഈ മാസം ഏപ്രിലിൽ ഓംബുഡ്സ്മാനോട് സുപ്രീം കോടതി നിർദ്ദേശിച്ചിരുന്നു. ഇതിനെത്തുടർന്നാണ് നടപടി.
Comments