ഷാജ് കിരണ്‍ സംസാരിച്ചതിന്റെ ശബ്ദ സേന്ദേശം സ്വപ്‌ന സുരേഷ് പുറത്തുവിട്ടു
പാലക്കാട്: സ്വര്‍ണക്കടത്തുകേസില്‍ മുഖ്യമന്ത്രിക്ക് വേണ്ടി തന്നെ സമീപിച്ചുവെന്ന് പറയുന്ന ഷാജ് കിരണ്‍ സംസാരിച്ചതിന്റെ ശബ്ദ സന്ദേശം സ്വപ്‌ന സുരേഷ് പുറത്തുവിട്ടു. പാലക്കാട് തന്റെ ഫ്‌ളാറ്റില്‍ വാര്‍ത്താസമ്മേളനം നടത്തിയാണ് ഷാജി കിരണുമായുള്ള സംഭാഷണത്തിന്റെ ശബ്ദരേഖ സ്വപ്‌ന പുറത്തുവിട്ടത്. ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ളതാണ് ശബ്ദരേഖ.
ഷാജ് കിരണിനെ തനിക്ക് വർഷങ്ങൾക്ക് മുൻപ്‌തന്നെ അറിയാമെന്ന് സ്വപ്‌ന സുരേഷ് പറഞ്ഞു. ഷാജ് കിരണുമായി ബന്ധപ്പെട്ട ഫോൺ സംഭാഷണത്തെക്കുറിച്ച് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ. എം.ശിവശങ്കറിന്റെ പുസ്‌തകം പുറത്തുവന്ന ശേഷമാണ് പരിചയമായത്. മജിസ്‌ട്രേറ്റിന് മൊഴി നൽകിയതിനെത്തുടർന്ന് ഷാജുമായി താൻ കണ്ടിരുന്നു. സരിത്തും ഒപ്പമുണ്ടായിരുന്നു. അന്ന് ഷാജ് കിരൺ ഭീഷണിപ്പെടുത്തിയതായി സ്വപ്‌ന സുരേഷ് പറഞ്ഞു. ‘കളിച്ചിരിക്കുന്നത് ആരോടാണെന്നറിയാമോ? നാളെ സരിത്തിനെ പൊക്കും, അദ്ദേഹത്തിന്റെ മകളെക്കുറിച്ച് പറഞ്ഞാൽ സഹിക്കില്ല.’ എന്നാണ് ഷാജ് പറഞ്ഞതെന്ന് സ്വപ്‌ന അറിയിച്ചു.
തന്റെ മൊഴിയിൽ പറഞ്ഞിരിക്കുന്നത് എന്താണെന്ന് പറയുക മാത്രമാണ് ചെയ്‌തത്. മാദ്ധ്യമങ്ങളെ കണ്ട് വിവരം പറഞ്ഞതിന് പിറ്റേന്ന് തനിക്ക് ഫോൺ കോൾ വന്നു. ഷാജ് പറഞ്ഞതുപോലെ സരിതിനെ കിഡ്‌നാപ്പ് ചെയ്‌തു എന്നായിരുന്നു അത്. തുടർന്ന് സഹായത്തിനായി ഷാജിനെ വിളിച്ചതാണ്. വിജിലൻസ് ആണ് സരിത്തിനെ കൊണ്ടുപോയതെന്നും ഒരുമണിക്കൂറിനകം വിടുമെന്നും ഷാജ് കിരൺ അറിയിച്ചതായി സ്വപ്‌ന പറഞ്ഞു.
തന്റെ സുഹൃത്തായ ഷാജ് കിരണിനെതിരെ തിരിയാൻ താൽപര്യമില്ലായിരുന്നെന്നും എന്നാൽ അത്രയധികം മാനസിക വിഷമങ്ങളും ഭീഷണികളും ഉണ്ടായതുകൊണ്ടാണ് കോൾ റെക്കാഡ് ചെയ്യേണ്ടിവന്നതെന്നും സ്വപ്‌ന അഭിപ്രായപ്പെട്ടു.