പരമ്പരാഗത മത്സ്യത്തൊഴിലാളികൾ കോസ‌്റ്റൽ പൊലീസിലേക്ക‌്

സംസ്ഥാന സർക്കാർ വാക്കു പാലിച്ചു. കടലോരവും കടലിനകവും കാക്കാനുള്ള കേരളത്തിന്റെ നീലസേന തയ്യാറായി.  പ്രളയകാലത്ത‌് രക്ഷാപ്രവർത്തനത്തിന‌് ജീവൻ പണയം വച്ച പരമ്പരാഗത മത്സ്യത്തൊഴിലാളികൾ ഇനി കോസ‌്റ്റൽ പൊലീസിലേക്ക‌്. അഞ്ച‌് വനിതകളുൾപ്പെടെ 177 പേരടങ്ങുന്ന ആദ്യബാച്ച‌ിന്റെ   പാസിങ‌് ഔട്ട‌് പരേഡ‌് 30ന‌് രാവിലെ 7.15ന‌്  നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ സല്യൂട്ട‌് സ്വീകരിക്കും.

 

പ്രളയകാലത്ത‌് ദുരിതാശ്വാസ പ്രവർത്തനം നടത്തിയവരിൽനിന്നും തെരഞ്ഞെടുത്തവരെയാണ‌് നാല‌് മാസത്തെ കഠിനപരിശീലനത്തിനു ശേഷം സ‌്റ്റേഷനുകളിലേക്ക‌് നിയോഗിക്കുന്നത‌്.  ഒമ്പതു ജില്ലകളിലെ 15 തീരദേശ പൊലീസ‌്സ‌്റ്റേഷനുകളിലാണ‌് ഇവരെ നിയമിക്കുക. കടലിൽ അപകടമുണ്ടായാൽ രക്ഷാപ്രവർത്തനം നടത്തുക, സമുദ്രാതിർത്തി ലംഘിക്കുന്ന കപ്പലുകൾ പിടിച്ചെടുക്കുക ‌എന്നിവയാണ‌് ഇവരുടെ മുഖ്യപ്രവർത്തനം. കടലിൽ അപകടത്തിൽപ്പെട്ടവരെ  ചുമലിലേറ്റി നീന്താനും ആഴത്തിൽ ഊളിയിട്ട‌് രക്ഷിക്കാനും പ്രത്യേകപരിശീലനം നൽകിയിട്ടുണ്ട‌്. കടലിൽ 12 കിലോമീറ്റർ ദൂരം വരെ പട്രോളിങ‌് നടത്താനുള്ള അനുവാദവും പരിശീലനവുമുണ്ട‌്. തീരദേശ പട്രോളിങ്ങിനും ഇവരുടെ സേവനം ഉപയോഗപ്പെടുത്തും.

 

കോസ‌്റ്റ‌് ഗാർഡിൽനിന്നും വിരമിച്ച  ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ദിവസവും ആറു മണിക്കൂറോളം വെള്ളത്തിൽത്തന്നെയായിരുന്നു പരിശീലനം. പൊലീസ‌് അക്കാദമി എഡിജിപി ബി സന്ധ്യ, ട്രെയിനിങ്ങ‌് വിഭാഗം ഡിഐജി അനൂപ‌് ജോൺ കുരുവിള എന്നിവർ മേൽനോട്ടം വഹിച്ചു. സംഘത്തിൽ ഏഴുപേർ ബിരുദധാരികളും 66 പേർ പ്ലസ‌് ടു കഴിഞ്ഞവരും 101 പേർ പത്താംക്ലാസുകാരുമാണ‌്. 18 മുതൽ 54 വരെ പ്രായമുള്ളവരാണ‌് ടീമിലുള്ളത‌്. 94 പേർ 18നും 25നും ഇടയിൽ പ്രായമുള്ളവരാണ‌്. നീലനിറത്തിലുള്ള യൂണിഫോമാണ‌് ഇവർക്ക‌് നിശ്ചയിച്ചിട്ടുള്ളത‌്.
Comments

COMMENTS

error: Content is protected !!