KERALA

ഷിഗല്ല, ജാഗ്രതയോടെ ആരോഗ്യവകുപ്പ്, ഷവര്‍മ്മ കഴിച്ച്‌ കുട്ടി മരിച്ച കടയിലെ ജലസ്രോതസ് പരിശോധിക്കും

കാസര്‍കോട്: ചെറുവത്തൂരിലെ ഐഡിയല്‍ ഫുഡ് പോയന്റില്‍ നിന്നും ഷവര്‍മ്മ കഴിച്ചവര്‍ക്ക് ഭക്ഷ്യ വിഷബാധ ഉണ്ടാക്കാന്‍ കാരണം ഷിഗെല്ല ബാക്ടീരിയയാണെന്ന് സ്ഥിരീകരിച്ച സാഹചര്യത്തില്‍ കൂടുതല്‍ പരിശോധനകള്‍ക്ക് ആരോഗ്യവകുപ്പ്.

ഐഡിയല്‍ ഫുഡ് പോയന്റ് കടയിലേക്ക് ഉപയോഗിച്ച ജലസ്രോതസ് പരിശോധിക്കും. ഇതോടൊപ്പം പരിസര പ്രദേശങ്ങളിലേയും ജല സ്രോതസുകള്‍ പരിശോധിക്കാന്‍ ആരോഗ്യ വകുപ്പ് തീരുമാനിച്ചതായി ഡെപ്യൂട്ടി ഡിഎം ഒ ഡോ. മനോജ് അറിയിച്ചു.

രോഗബാധിതരില്‍ നിന്നും മറ്റുള്ളവരിലേക്ക് രോഗം പടരാതിരിക്കാനുള്ള മുന്‍കരുതലിലാണ് അധികൃതര്‍. കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളിലെ വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളവര്‍ പ്രത്യേകം നിരീക്ഷണത്തിലാണ്. നിരീക്ഷണം ശക്തമാക്കാന്‍ പ്രത്യേക മെഡിക്കല്‍ സംഘത്തെ രൂപീകരിക്കാനും ആലോചിക്കുന്നുണ്ട്. പനി, രക്തംകലര്‍ന്ന മലവിസര്‍ജ്ജനം, നിര്‍ജ്ജലീകരണം, ക്ഷീണം എന്നിവ ഉണ്ടായാല്‍ ഉടന്‍ വൈദ്യസഹായം തേടണമെന്ന് കാസര്‍കോട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എവി രാംദാസ് അഭ്യര്‍ത്ഥിച്ചു.

ഭക്ഷ്യ വിഷബാധയുമായി ബന്ധപ്പെട്ട് മൂന്ന് പേരാണ് ഇതുവരെ അറസ്റ്റിലായത്. ചെറുവത്തൂര്‍ ഐഡിയല്‍ ഫുഡ് പോയന്റ് മാനേജര്‍ പടന്ന സ്വദേശി അഹമ്മദ്, മാനേജിംഗ് പാര്‍ട്ണര്‍ മംഗളൂര്‍ കൊല്യ സ്വദേശി അനക്സ് ഗാര്‍, ഷവര്‍മ മേക്കര്‍ നേപ്പാള്‍ സ്വദേശി സന്ദേശ് റായ് എന്നിവരാണ് അറസ്റ്റിലായത്. സ്ഥാപന ഉടമ കാലിക്കടവ് സ്വദേശി കുഞ്ഞഹമ്മദിനെതിരേയും കേസെടുക്കാന്‍ തീരുമാനിച്ചതോടെ യുഎഇയിലുള്ള ഇദേഹത്തെ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. ഹോട്ടലുകളിലും കൂള്‍ബാറുകളിലും പരിശോധന തുടരാനാണ് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ തീരുമാനം.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button