Uncategorized

സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ കെഎസ്ആർടിസി ജീവനക്കാർ സമരത്തിലേക്ക്

ശമ്പളം മുടങ്ങിയതോടെ  സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ കെഎസ്ആർടിസി ജീവനക്കാർ സമരത്തിലേക്ക്.   ജീവനക്കാർ സിഎംഡി ഓഫീസ് ഉപരോധിക്കും. ഐഎൻടിയുസി യൂണിയന് ഒപ്പം സിഐടിയു യൂണിയനും സമരത്തിൽ പങ്കെടുത്തേക്കുമെന്നാണ് വിവരം.

ജൂൺ മാസത്തെ ശമ്പളമാണ് കെഎസ്ആർടിസി ജീവനക്കാർക്ക് ലഭിക്കാനുളളത്. അതേസമയം കെഎസ്ആർടിസിക്ക് കളക്ഷൻ കുറവാണെന്ന് മാനേജ്മെന്റ് പറഞ്ഞു. സർക്കാർ സഹായം ലഭിച്ചാൽ ശമ്പളം വിതരണം ചെയ്യും. സർക്കാരിൽ നിന്ന് ഇന്ന് സഹായം ലഭിക്കുമെന്നും സിഎംഡി അറിയിച്ചു.

അതിനിടെ, ശമ്പളം മുടങ്ങിയതോടെ കൂലിപ്പണി എടുക്കാൻ അവധി ചോദിച്ചുകൊണ്ട് കെഎസ്ആർടിസി ജീവനക്കാരൻ കത്ത് നൽകിയത് ശ്രദ്ധയില്‍പെട്ടിട്ടില്ലെന്ന് ​ഗതാ​ഗത വകുപ്പ് മന്ത്രി ആന്റണി രാജു പറഞ്ഞു. ഗതാഗത വകുപ്പും ധന വകുപ്പും സഹകരണ വകുപ്പും തമ്മിലുളള കരാറിന്റെ അടിസ്ഥാനത്തിലാണ് പെൻഷൻ നൽകികൊണ്ടിരിക്കുന്നത്. പെന്‍ഷന്‍ തുക സംബന്ധിച്ചുളള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ടെന്നാണ് മനസിലാക്കുന്നത്. പലിശയുടെ കാര്യത്തില്‍ പുതിയ കരാര്‍ വരുമ്പോള്‍ മാത്രമേ മാറ്റത്തിന്റെ ആവശ്യമുളളു. പലിശയെ കുറിച്ച് ഒരു ഡിപ്പാര്‍ട്ട്‌മെന്റും ആശങ്കപ്പെടേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു. ചാലക്കുടി ഡിപ്പോയിലെ കെഎസ്ആർടിസി ഡ്രൈവർ അജുവാണ് കൂലിപ്പണിക്ക് പോകാന്‍ മൂന്ന് ദിവസത്തെ അവധി ചോദിച്ച് കത്തയച്ചിരുന്നത്.

സർക്കാർ നൽകി വരുന്ന സഹായധനം കൈമാറാത്തതാണ് ശമ്പള വിതരണം വൈകാൻ കാരണം. എല്ലാ മാസവും അഞ്ചാം തീയതിക്ക് മുമ്പായി ആദ്യ​ഗഡു നൽകുമെന്ന് സർക്കാർ ഉറപ്പ് നൽകിയിരുന്നു. മൂന്ന് മാസം മുമ്പ് വരെ 50 കോടിയാണ് സർക്കാർ സഹായമായി നൽകിയിരുന്നത്. സാമ്പത്തിക പ്രതിസന്ധിമൂലം അത് മുപ്പത് കോടിയായി ചുരുക്കുകയായിരുന്നു. ഓണത്തിനുളള ആനുകൂല്യങ്ങൾ ഇല്ലാതാക്കാനാണ് മാനേജ്മെന്റ് പ്രതിസന്ധി സൃഷ്ടിക്കുന്നതെന്നാണ് തൊഴിലാളി യൂണിയനുകൾ ആരോപിക്കുന്നത്. രണ്ട് മാസത്തെ പെൻഷനും കൊടുത്ത് തീർക്കാനുണ്ട്. പെൻഷനുമായി ബന്ധപ്പെട്ട് ജൂണിലാണ് പുതിയ കരാർ ഒപ്പുവെക്കുന്നത്. ഇത് വൈകിയതാണ് പെൻഷൻ മുടങ്ങാൻ കാരണം.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button