Uncategorized

സംസ്ഥാനം അതിഗുരുതര സാമ്പത്തിക പ്രതിസന്ധിയിലെന്ന് യുഡിഎഫ് ധവളപത്രം

സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതി വിശദീകരിച്ച് യു ഡി എഫ് ധവളപത്രം. സംസ്ഥാനം അതിഗുരുതര സാമ്പത്തിക പ്രതിസന്ധിയിലാണെന്നും സംസ്ഥാന സർക്കാരിന്‍റെ ധൂർത്തും അഴിമതിയും മോശം നികുതിപിരിവുമാണ് പ്രശ്നത്തിന്‍റെ കാരണമെന്നും  ധവളപത്രത്തിൽ കുറ്റപ്പെടുത്തുന്നു. കട്ടപ്പുറത്തെ കേരള സർക്കാർ എന്നപേരിലാണ് ധവളപത്രം. ഫെബ്രുവരി മൂന്നിന് സംസ്ഥാന ബജറ്റ് അവതരിപ്പിക്കാനിരിക്കെയാണ് സംസ്ഥാനത്തെ ധന പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കിയുള്ള യുഡിഎഫ് ധവളപത്രം ഇറക്കുന്നത്. കടം കയറി കുളമായ സ്ഥിതിയിലാണ് കേരളം. ഇങ്ങനെ പോയാൽ ഭാവിയിൽ കടം നാലുലക്ഷം കോടിയിൽ എത്തും. 

വലിയ സംസ്‌ഥാനങ്ങളെക്കാൾ അപകടകരമായ സ്ഥിതിയാണിത്. കിഫ്ബി പക്കൽ ഇപ്പോൾ 3419 കോടി മാത്രമാണ് ഉള്ളത്. ഇതുകൊണ്ട് എങ്ങനെ 50,000 കോടി രൂപയുടെ പ്രഖ്യാപിച്ച പദ്ധതികൾ നടപ്പാക്കുമെന്നാണ് ചോദ്യം. കേന്ദ്രത്തിന്‍റെ തെറ്റായ സമീപനം മൂലം 24000 കോടിയുടെ വരുമാനം നഷ്ടമായതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് ധനമന്ത്രി പറയുന്നത്. എന്നാൽ പ്രധാന ഉത്തരവാദി സംസ്ഥാന സർക്കാർ തന്നെയെന്നാണ് യുഡിഎഫ് ധവളപത്രത്തിലെ വിമർശനം.

ഏറ്റവും മോശപ്പെട്ട നികുതി പിരിവ് നടത്തുന്നത് കേരളമാണ്. ഒപ്പം ധൂർത്തും അഴിമതിയും വിലക്കയറ്റവും കാരണം കേരളം തകർന്നു. സർക്കാർ സാധാരണക്കാരെ മറന്ന് പ്രവർത്തിക്കുന്നത് കാരണം മുടങ്ങിയ പദ്ധതികളും റിപ്പോർട്ടിൽ അക്കമിട്ടു നിരത്തുന്നുണ്ട്. കേന്ദ്രസർക്കാരിന്‍റെ വികലമായ നയങ്ങൾക്കും റിപ്പോർട്ടിൽ കുറ്റപ്പെടുത്തലുണ്ട്.

സി പി ജോണിന്‍റെ നേതൃത്വത്തിൽ എന്‍ കെ പ്രേമചന്ദ്രന്‍, എൻ  ഷംസുദ്ദീൻ, മാത്യു കുഴല്‍നാടന്‍, കെ എസ് ശബരീനാഥന്‍, പി സി തോമസ്, ജി ദേവരാജന്‍ തുടങ്ങിയവർ ചേര്‍ന്നാണ് ധവളപത്രം തയ്യാറാക്കിയത്.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button