സംസ്ഥാനത്തെ അനധികൃത കൊടി തോരണങ്ങള്‍ നീക്കം ചെയ്യാന്‍ വൈകുന്നതില്‍ അതൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി
പലവട്ടം നിര്‍ദേശം നല്‍കിയിട്ടും സംസ്ഥാനത്തെ അനധികൃത കൊടി തോരണങ്ങള്‍ നീക്കം ചെയ്യാന്‍ വൈകുന്നതില്‍ ഹൈക്കോടതി അതൃപ്തി രേഖപ്പെടുത്തി . ഇതുസംബന്ധിച്ച് സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവ് തദ്ദേശ സ്ഥാപനങ്ങളുടെ സെക്രട്ടറിമാര്‍ക്ക് ഒരാഴ്ചയ്ക്കകം അയച്ചു നല്‍കണമെന്ന് ഹൈക്കോടതി കര്‍ശന നിര്‍ദേശം നല്‍കി.
നിയമ ലംഘനം ആവര്‍ത്തിച്ചാല്‍ അത് തദ്ദേശ സ്വയം ഭരണ വകുപ്പ് സെക്രട്ടറിമാരുടെ സ്വകാര്യ ഉത്തരവാദിത്വമായിരിക്കും. തദ്ദേശ തലത്തില്‍ രൂപീകരിച്ചിട്ടുള്ള സമിതികള്‍ കൃത്യമായി സംസ്ഥാന കണ്‍വീനര്‍ അധ്യക്ഷനായ സമിതിക്ക് റിപ്പോര്‍ട്ട് നല്‍കണം. സംസ്ഥാന സമിതി റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഉത്തരവിട്ടു
കൊടിതോരണങ്ങള്‍ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഈ മാസം 12 നാണ് ഉത്തരവ് പുറത്തിറക്കിയത്. ഈ ഉത്തരവാണ് തദ്ദേശ സ്ഥാപനങ്ങളുടെ സെക്രട്ടറിമാര്‍ക്ക് അയക്കേണ്ടത്. ഉത്തരവ് സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് ബോധവല്‍ക്കരണം നല്‍കണമെന്നും കോടതി ഉത്തരവിട്ടു. എന്നിട്ടും കൊടിതോരണങ്ങള്‍ നീക്കം ചെയ്യാതിരുന്നാല്‍ തദ്ദേശ സ്വയം ഭരണ വകുപ്പ് സെക്രട്ടറിമാര്‍ക്കാണ് അതിന്റെ ഉത്തരവാദിത്തമെന്നും ഹൈക്കോടതി വ്യക്തമാക്കി.