CRIME

സംസ്ഥാനത്തെ ഏറ്റവും വലിയ മയക്കുമരുന്നു വേട്ടയില്‍ കണ്ണൂരില്‍ രണ്ടു പേര്‍ അറസ്റ്റില്‍

കണ്ണൂര്‍:  സംസ്ഥാനത്തെ ഏറ്റവും വലിയ മയക്കുമരുന്നു വേട്ടയില്‍ കണ്ണൂരില്‍ രണ്ടു പേര്‍ അറസ്റ്റിലായി. ഏകദേശം രണ്ടു കിലോയോളം എംഡിഎംഎയാണ് പോലീസ് പിടികൂടിയത്. കണ്ണൂര്‍ ടൗണ്‍ ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കൊടെരിക്കു കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് മയക്കുമരുന്നു പിടികൂടിയത്. കണ്ണൂർ കോയ്യോട് തൈവളപ്പില്‍ ഹൗസില്‍ അഫ്‌സല്‍, ഭാര്യ ബള്‍ക്കീസ് എന്നിവരാണ് അറസ്റ്റിലായത്. ബാംഗ്ലൂരില്‍ നിന്നും ടൂറിസ്റ്റ് ബസ്സില്‍ കണ്ണൂരില്‍ തുണിത്തരങ്ങളുടെ പാര്‍സല്‍ എന്ന വ്യാജേന ഒളിച്ചു വച്ച് കണ്ണൂര്‍ പ്ലാസ ജങ്ഷനിലെ  പാര്‍സല്‍ ഓഫീസില്‍  എത്തിച്ച് അവിടെ നിന്നും പ്രതികള്‍ സാധനം കൈപ്പറ്റുമ്പോഴാണ് പോലീസ് പിടികൂടിയത്. 

പ്രതികളുടെ കൈയ്യില്‍ നിന്നും ഏകദേശം രണ്ട് കിലോയോളം എംഡിഎംഎ, 7.5 ഗ്രാം ഒപിഎം, 67 ഗ്രാം ബ്രൗണ്‍ ഷുഗര്‍ എന്നിവയാണ് കണ്ടെത്തിയത്. ഒരു കോടിക്ക് മുകളില്‍ വിലവരുന്ന മയക്കുമരുന്നുകള്‍ ആണ് ഇവ. പിടിച്ചെടുത്ത മയക്കുമരുന്നിന്റെ ക്വാളിറ്റി പരിശോധന നടത്തിയാല്‍ ഇതിന്റെ വില ഇനിയും കൂടാനാണ് സാധ്യത. 

വാട്‌സപ്പ് വഴിയാണ് പ്രതികള്‍ മയക്കുമരുന്നു ആവശ്യക്കാരെ കണ്ടെത്തുന്നത്. ആവശ്യക്കാര്‍ക്ക് കച്ചവടം ഉറപ്പിച്ചശേഷം അവര്‍ പറയുന്ന സ്ഥലത്തു ചെറു പൊതികളാക്കി വഴിയരികില്‍ ഉപേക്ഷിച്ചു പോകുന്ന രീതിയായിരുന്നു പ്രതികള്‍ സ്വീകരിച്ചു വന്നത്. കണ്ണൂരിലെ പ്രധാന മയക്കുമരുന്നു വിതരണ സംഘത്തിലെ പ്രധാന കണ്ണികള്‍ ആണ് പിടിയിലായ പ്രതികള്‍.

ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കൊടെരിക്കു പുറമെ സബ് ഇന്‍സ്‌പെക്ടര്‍ മഹിജന്‍, എഎസ്‌ഐമാരായ അജയന്‍, രഞ്ജിത്, സജിത്ത്, എസ് സിപിഒ മുഹമ്മെദ്, സറീന സിപിഒമാരായ നാസര്‍, അജിത്ത്, രാഹുല്‍, രജില്‍ രാജ് തുടങ്ങിയവരും മയക്കുമരുന്നു വേട്ടയില്‍ സംഘത്തിലുണ്ടായിരുന്നു. കണ്ണൂര്‍ ടൗണ്‍ പോലീസ് കേസ്സ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരുന്നു.  ഇതിന്റെ പിറകിലെ കണ്ണികളെ കണ്ടെത്താനായി വിപുലമായ അന്വേഷണം നടത്തുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button