സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകളുടെ നിറം മാറ്റാനുള്ള നിർദേശത്തിൽ താത്കാലിക ഇളവ്
സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകളുടെ നിറം മാറ്റാനുള്ള നിർദേശത്തിൽ താത്കാലികമായി ഇളവ്. ജൂൺ ഒന്നിനുശേഷം ടെസ്റ്റ് കഴിഞ്ഞ ബസുകളുടെ നിറം അടുത്ത ടെസ്റ്റിനു വെള്ളയാക്കിയാൽ മതിയെന്ന് ട്രാൻസ്പോർട്ട് കമ്മിഷണർ എസ്. ശ്രീജിത്ത് ഉത്തരവിറക്കി. എന്നാൽ അടുത്തുതന്നെ ടെസ്റ്റുള്ള ബസുകൾ വെള്ളയാക്കണമെന്ന നിർദേശത്തിൽ മാറ്റമില്ല.
ചുരുങ്ങിയ സമയത്തിനുള്ളിൽ നിറം മാറ്റുന്നതിലെ പ്രയാസം വ്യക്തമാക്കി ബസുടമകൾ സമർപ്പിച്ച പരാതിയും അധിക സാമ്പത്തിക ബാധ്യതയും പരിഗണിച്ചാണു ഇളവ് നൽകിയത്. ടൂറിസ്റ്റ് വാഹനങ്ങളുടെ പരിശോധനയ്ക്കു പുതുതായി 31 നിർദേശങ്ങൾ മോട്ടോർ വാഹനവകുപ്പ് പുറപ്പെടുവിച്ചു. ഇതിൽ ഏതെങ്കിലുമൊന്നു ലംഘിച്ച് ഓടുന്ന ബസുകളുടെ പെർമിറ്റ് റദ്ദാക്കാനും നിർദേശിച്ചിട്ടുണ്ട്.
വേഗപ്പൂട്ട് വേർപെടുത്തി ഓടുക, അനുവദനീയമായതിൽ കൂടുതൽ വേഗം സെറ്റ് ചെയ്യുക, ജി.പി.എസ്. പ്രവർത്തിക്കാതിരിക്കുക, എയർ ഹോണുകൾ ഘടിപ്പിക്കുക, ഉയർന്ന ശബ്ദത്തിലുള്ള മ്യൂസിക് സിസ്റ്റം, വീഡിയോ, പ്രത്യേക എഞ്ചിൻ ഘടിപ്പിച്ച എയർ കണ്ടിഷൻ സംവിധാനമുള്ള ബസുകൾ, എമർജൻസി വാതിലിനു തടസം വരുത്തുക തുടങ്ങിയവ ഉൾപ്പെടെയുള്ള നിയമലംഘനങ്ങളാണ് നടപടിക്കു വിധേയമാക്കുക.