KERALAMAIN HEADLINES

സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ ഹബ്ബാക്കി മാറ്റാനാണ് സര്‍ക്കാര്‍ ശ്രമം- മുഖ്യമന്ത്രി പിണറായി വിജയന്‍

കോഴിക്കോട്‌: സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖല മികച്ചതാകുന്നതോടെ വിദേശത്തുനിന്നടക്കം വിദ്യാര്‍ത്ഥികള്‍ ഇവിടെ പഠിക്കാനെത്തുമെന്നും  പൊതുവിദ്യാഭ്യാസ മേഖലയെ ഹബ്ബാക്കി മാറ്റാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാരിന്റെ 100 ദിന കര്‍മ്മപദ്ധതിയുടെ ഭാഗമായി പ്രവൃത്തി പൂര്‍ത്തീകരിച്ച ജില്ലയിലെ സ്‌കൂള്‍ കെട്ടിടങ്ങളുടെയും ഹയര്‍ സെക്കണ്ടറി  ലാബുകളുടെയും ഉദ്ഘാടനവും സ്‌കൂള്‍ കെട്ടിടങ്ങളുടെ ശിലാസ്ഥാപനവും നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
 5000 കോടിയോളം രൂപ കിഫ്ബി മുഖേന പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ജത്തിന്റെ ഭാഗമായി ചെലവഴിച്ചിട്ടുണ്ട്. പ്ലാന്‍ ഫണ്ട് വഴിയും തുക ചെലവഴിച്ചിട്ടുണ്ട്. പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ ഭേദമില്ലാതെ എല്ലാ കുട്ടിള്‍ക്കും ഒരുപോലെ ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പു വരുത്തുക എന്നത് സര്‍ക്കാരിന്റെ ലക്ഷ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം വഴിയുള്ള മാറ്റം നാടാകെ പ്രകടമാണ്. ഭാവികേരളത്തിലെ പുതുതലമുറയുടെ വിദ്യാഭ്യാസ അടിത്തറയും കാഴ്ചപ്പാടും മാറുകയാണ്. വലിയതോതില്‍ കഴിവുനേടിയവരായി അവര്‍ മാറും. അതോടെ പ്രതീക്ഷിക്കാത്ത വികസന മുന്നേറ്റം എല്ലാജനവിഭാഗത്തിനും ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
 യൂണിവേഴ്സിറ്റികള്‍, കലാലയങ്ങള്‍, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയെ മികവിന്റെ കേന്ദ്രങ്ങളായി ദേശീയതലത്തിലും അന്താരാഷ്ട്ര തലത്തിലും ശ്രദ്ധിക്കപ്പെടുന്നവയാക്കി മാറ്റും. സംസ്ഥാനത്തെ വിജ്ഞാനസമൂഹമാക്കി മാറ്റാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. ഇതിനെല്ലാമുള്ള അടിത്തറ സ്‌കൂള്‍ വിദ്യാഭ്യാസ തലത്തില്‍ തന്നെ സൃഷ്ടിക്കാനാണ് ഉദ്ദേശിക്കുന്നത്. സ്‌കൂളുകളുടെ ആധുനികവല്‍ക്കരണത്തിനായി കിഫ്ബി 793 കോടി രൂപ അനുവദിച്ചിട്ടുണ്ട്. മുഴുവന്‍ വിദ്യാലയങ്ങളും സാങ്കേതികവിദ്യാ സൗഹൃദമായ ആദ്യ സംസ്ഥാനമായി കേരളം മാറിയെന്നും മുഖ്യമന്ത്രി പറഞ്ഞു. വിദ്യാഭ്യാസ വകുപ്പ് മന്ത്രി. സി. രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു.

ജില്ലയിലേതുള്‍പ്പെടെ മികവിന്റെ കേന്ദ്രങ്ങളായ 198 പൊതുവിദ്യാലയങ്ങള്‍ കൂടി മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു. സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ ഒന്നുമുതല്‍ എട്ടുവരെ ക്ലാസ്സുകളില്‍ പഠിക്കുന്ന 25 ലക്ഷത്തിലധികം വരുന്ന കുട്ടികള്‍ക്കായി നടത്തുന സൗജന്യ യൂണിഫോം വിതരണത്തിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിച്ചു. ഓരോ കുട്ടിക്കും രണ്ട് സെറ്റ് യൂണിഫോമാണ് നല്‍കുന്നത്. ഇതിനായി 215 കോടിയോളം രൂപയാണ് സര്‍ക്കാര്‍ ചെലവഴിക്കുന്നത്.

കൊടുവള്ളി ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍

കൊടുവള്ളി ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഹയര്‍ സെക്കണ്ടറി വിഭാഗത്തിനായി നിര്‍മ്മിച്ച നാല് ക്ലാസ് മുറികളാണ് മുഖ്യമന്ത്രി  ഉദ്ഘാടനം ചെയ്തത്. ഹയര്‍ സെക്കണ്ടറി ക്ലാസ് മുറികള്‍ കൂടാതെ ഹൈസ്‌കൂള്‍ വിഭാഗത്തിനായി അടുക്കള, ഭക്ഷണമുറി, കമ്പ്യൂട്ടര്‍ റൂം എന്നിവ നിര്‍മ്മിക്കുന്നതിനുമടക്കം 2.47 കോടിയാണ് അനുവദിച്ചത്. ഹൈസ്‌കൂള്‍ വിഭാഗത്തിന് അനുവദിച്ച കെട്ടിടത്തിന്റെ നിര്‍മ്മാണം പുരോഗമിക്കുകയാണ്.

സ്‌കൂള്‍തല പരിപാടിയില്‍ കാരാട്ട് റസാക്ക് എംഎല്‍എ അധ്യക്ഷത വഹിച്ചു.  പ്രിന്‍സിപ്പല്‍ പി. പി മുഹമ്മദ് അബ്ദുല്‍ മജീദ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നഗരസഭ ചെയര്‍മാന്‍ വെള്ളറ അബ്ദു, വൈസ് ചെയര്‍പേഴ്‌സണ്‍ കെ. എം സുഷിനി, സ്ഥിരം സമിതി അധ്യക്ഷന്‍ എന്‍. കെ അനില്‍കുമാര്‍, കൗണ്‍സിലര്‍മാരായ ഹഫ്‌സത്ത് ബഷീര്‍, നാസര്‍കോയ തങ്ങള്‍, പി. കെ സുബൈര്‍, എളങ്ങോട്ടില്‍ ഹസീന, ആര്‍ഡിഡി കെ ഗോകുല്‍കൃഷ്ണന്‍, വിവിധ രാഷ്ട്രീയ പാര്‍ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പിടിഎ പ്രസിഡന്റ് മുഹമ്മദ് കുണ്ടുങ്ങര സ്വാഗതവും പ്രധാനധ്യാപിക പി ഗീത നന്ദിയും പറഞ്ഞു.

കൂണ്ടുപറമ്പ് ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍

കൂണ്ടുപറമ്പ ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ ലാബ് നവീകരണത്തിനായി 50 ലക്ഷം രൂപയാണ് വിനിയോഗിച്ചത്. സ്‌കൂള്‍ തല പരിപാടിയില്‍ എ പ്രദീപ് കുമാര്‍ എം.എല്‍.എ ശിലാഫലകം അനാച്ഛാദനം ചെയ്തു. പിടിഎ പ്രസിഡണ്ട് വി പ്രേമന്‍, പ്രിന്‍സിപ്പാള്‍ എം ബിനി ബീഗം, ഡി ഇ ഒ കെ പ്രദീപന്‍ , സിറ്റി എ ഇ ഒ മനോജ് കുമാര്‍, മുന്‍ കൗണ്‍സിലര്‍ ടി എസ് ഷിന്‍ജിത്ത്, സീനിയര്‍ അസിസ്റ്റന്റ് സുരേന്ദ്രന്‍ കളരിക്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പയ്യോളി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍

പയ്യോളി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌ക്കൂളില്‍ സയന്‍സ് ലാബുകള്‍ 45 ലക്ഷത്തോളം രൂപ ചെലവിച്ചാണ് നവീകരിച്ചത്. സ്‌കൂളില്‍ നടന്ന പരിപാടി കൊയിലാണ്ടി എംഎല്‍എ കെ. ദാസന്‍  ഉദ്ഘാടനം ചെയ്തു. തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  ജമീല സമദ്, സ്‌ക്കൂള്‍ പി.ടി.എ പ്രസിഡണ്ട് ബിജു കളത്തില്‍, പ്രിന്‍സിപ്പല്‍ കെ.പ്രദീപന്‍, ആരോഗ്യ വിദ്യാഭ്യാസസ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍പേഴ്സണ്‍ കെ.പി ഷക്കീല, ബ്ലോക്ക് പഞ്ചായത്തംഗം എ.കെ ശ്രീനിവാസന്‍, വാര്‍ഡ് മെമ്പര്‍ ബിനു കാരോളി, പി.ടി.എ എക്സിക്യൂട്ടീവംഗം കെ.പി ഗിരീഷ് കുമാര്‍, വി.എച്ച്.എസ്.ഇ പ്രിന്‍സിപ്പല്‍ കെ.സജിത്ത്, പ്രധാനാധ്യാപകന്‍ കെ.എന്‍ ബിനോയ് കുമാര്‍, സ്റ്റാഫ് സെക്രട്ടറി ജിജേഷ് എം.ടി എന്നിവര്‍ സംസാരിച്ചു.

കൊടല്‍ ഗവ.യു.പി സകൂള്‍

കൊടല്‍ ഗവ.യു.പി സകൂളില്‍ കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരു കോടി രൂപ ചെലവഴിച്ചാണ് കെട്ടിടം നിര്‍മ്മിക്കുന്നത്. സ്‌കൂള്‍തല പരിപാടിയില്‍ കെട്ടിട ശിലാഫലക അനാഛാദനം പി.ടി.എ റഹീം എം.എല്‍.എ നിര്‍വഹിച്ചു. കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സജിത പൂക്കാടന്‍, ഒളവണ്ണ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി ശാരുതി , ഗ്രാമ പഞ്ചായത്ത് അംഗം ബിന്ദു ഗംഗാധരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button