സംസ്ഥാനത്തെ മൂന്ന് സ്വകാര്യ മെഡിക്കൽ കോളേജുകൾക്ക് എംബിബിഎസ് കോഴ്സുകൾ തുടരാനുള്ള അനുമതി നാഷണൽ മെഡിക്കൽ കമ്മീഷൻ തടഞ്ഞു
സംസ്ഥാനത്തെ മൂന്ന് സ്വകാര്യ മെഡിക്കൽ കോളേജുകൾക്ക് എംബിബിഎസ് കോഴ്സുകൾ തുടരാനുള്ള അനുമതി നാഷണൽ മെഡിക്കൽ കമ്മിഷൻ തടഞ്ഞു. നാഷണൽ മെഡിക്കൽ കൗൺസിൽ പരിശോധനയിൽ ആവശ്യമായ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന് കണ്ടെത്തിയ മെഡിക്കൽ കോളേജുകൾക്ക് എതിരെയാണ് കമ്മീഷൻ നടപടി. നാഷണൽ മെഡിക്കൽ കമ്മിഷണൻ്റെ തീരുമാനം കേരള ആരോഗ്യ സർവ്വകലാശാലയെ അറിയിച്ചു.
തൃശൂർ ജൂബിലി മെഡിക്കൽ മിഷൻ ഹോസ്പിറ്റൽ, തിരുവനന്തപുരം കാരക്കോണം സോമർവെൽ മെമ്മോറിയൽ സി.എസ്.ഐ മെഡിക്കൽ കോളേജ്, ശ്രീ ഗോകുലം മെഡിക്കൽ കോളേജ് എന്നീ കോളേജുകളിൽ പ്രശ്നങ്ങൾ പരിഹരിക്കുന്നത് വരെ കോഴ്സ് തുടരാനാവില്ല.
ഈ അധ്യയന വർഷത്തിൽ സീറ്റുകൾ പൂർണമായി നഷ്ടമാകാനാണ് സാധ്യത. ഇതോടെ സംസ്ഥാനത്ത് ഇത്തവണ 450 എം ബി ബി എസ് സീറ്റുകൾ നഷ്ടമാകും. തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളേജിന്റെ 100 സീറ്റുകളും, കാരക്കോണം സിഎസ്ഐ മെഡിക്കൽ കോളേജ്, ശ്രീഗോകുലം മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ 150 വീതം സീറ്റുകളുമാണ് നഷ്ടമാവുക.
തിരുവനന്തപുരം എസ് യു ടി മെഡിക്കൽ സയൻസ് അക്കാദമിയുടെ 100 സീറ്റുകൾ അൻപതാക്കി കുറച്ചു. അധ്യാപകരുടെയും റെസിഡന്റ് ഡോക്ടർമാരുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും കുറവ്, നാഷണൽ മെഡിക്കൽ കമ്മിഷൻ നിർദേശിച്ച കാര്യങ്ങൾ നടപ്പാക്കാത്തത് ഉൾപ്പടെ ഉള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് നടപടിയെടുത്തത്. പ്രശ്നം പരിഹരിക്കാനും ഇവർക്ക് അവസരമുണ്ട്. വിഷയം ചർച്ച ചെയ്യാൻ കേരള ആരോഗ്യ സർവ്വകലാശാല വി സി ചൊവ്വാഴ്ച്ച യോഗം വിളിച്ചിട്ടുണ്ട്.