സംസ്ഥാനത്തെ റേഷന്‍ വ്യാപാരികളുടെ മുഴുവന്‍ കമ്മിഷന്‍ തുകയും അനുവദിച്ച് ഉത്തരവായി
സംസ്ഥാനത്തെ റേഷന്‍ വ്യാപാരികളുടെ മുഴുവന്‍ കമ്മിഷന്‍ തുകയും അനുവദിച്ച് ഉത്തരവായി. നേരത്തെ ഒക്ടോബർ മാസത്തെ കമ്മിഷന്‍ തുകയില്‍ 49 ശതമാനം മാത്രം അനുവദിച്ച് ഉത്തരവ് ഇറക്കിയിരുന്നു. എന്നാല്‍ ഇത് വലിയ പ്രതിഷേധത്തിനു കാരണമായതോടെയാണ് മുഴുവന്‍ കമ്മിഷന്‍ തുകയും അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.
കമ്മീഷന്‍ വിഷയവുമായി ബന്ധപ്പെട്ട് റേഷന്‍ വ്യാപാരികള്‍ കടയടപ്പ് സമരം പ്രഖ്യാപിച്ച സാഹചര്യത്തില്‍ സംസ്ഥാന ഭക്ഷ്യ മന്ത്രി അനില്‍ ചര്‍ച്ച വിളിച്ച് ചേര്‍ക്കുകയും റേഷന്‍ വ്യാപാരികള്‍ക്ക് കമ്മീഷന്‍ 49 ശതമാനമാക്കാനുള്ള സിവില്‍ സപ്ലൈസ് കമ്മീഷണറുടെ ഉത്തരവ് പിന്‍വലിക്കാമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് ഇവര്‍ സമരം പിന്‍വലിച്ചത്.
റേഷന്‍ വ്യാപാരികള്‍ക്കുള്ള കമ്മീഷന്‍ ഡിസംബര്‍ 23നകം കൊടുത്തുതീര്‍ക്കണമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഈ വര്‍ഷത്തെ ഓണക്കിറ്റ് വിതരണത്തിലേതടക്കമുള്ള കമ്മീഷന്‍ വ്യാപാരികള്‍ക്ക് നല്‍കണം എന്നാണ് ഹൈക്കോടതി ഉത്തരവ്. കുടിശിക തീര്‍ക്കാന്‍ വൈകുന്ന പക്ഷം ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥന്‍ നേരിട്ട് ഹാജരാകേണ്ടി വരുമെന്നും ഹൈക്കോടതി ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഭക്ഷ്യ സിവില്‍ സപ്ലൈസ് സെക്രട്ടറിക്കും സിവില്‍ സപ്ലൈസ് കമ്മീഷണര്‍ക്കുമാണ് ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. റേഷന്‍ ഡീലര്‍മാര്‍ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.