വടക്കൻ കേരളത്തിൽ ശക്തമായ മഴ; കോഴിക്കോട് മഞ്ഞ അലർട്ട്, അടുത്ത ദിവസങ്ങളിൽ കാലവർഷം ശക്തിപ്പെടും

 

 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാദ്ധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വടക്കന്‍ കേരളത്തില്‍ ശക്തമായ മഴ പെയ്‌തേക്കും. നാല് ജില്ലകളില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂര്‍, വയനാട്, കാസര്‍കോട് ജില്ലകളിലാണ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചത്.അറബിക്കടലില്‍ മഹാരാഷ്ട്ര തീരത്തിന് സമീപം ചക്രവാതച്ചുഴി നിലനില്‍ക്കുന്നതാണ് ശക്തമായ മഴയ്ക്ക് കാരണമാകുക. അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തില്‍ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പും അറിയിച്ചിട്ടുണ്ട്.
നാളെ മുതല്‍ മദ്ധ്യകേരളത്തില്‍ കാലവര്‍ഷം കൂടുതല്‍ ശക്തിപ്രാപിക്കും. ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ചൊവ്വാഴ്ച മഞ്ഞ അലര്‍ട്ടാണ്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

Comments
error: Content is protected !!