സംസ്ഥാനത്തെ റേഷൻ വിതരണം ഇനി രണ്ടു ഘട്ടമാക്കി; റേഷൻ വിതരണ രീതി സർക്കാർ പരിഷ്‌കരിച്ചു
സംസ്ഥാനത്തെ റേഷൻ വിതരണം ഇനി രണ്ടു ഘട്ടമാക്കി. റേഷൻ വിതരണ രീതി സർക്കാർ പരിഷ്‌കരിച്ചു. മുൻഗണനവിഭാഗം കാർഡുടമകൾക്ക് (മഞ്ഞ, പിങ്ക്) എല്ലാ മാസവും 15-നു മുമ്പും പൊതുവിഭാഗത്തിന് (നീല, വെള്ള) 15-നുശേഷവുമായിരിക്കും വിതരണം. ഇ-പോസ് യന്ത്രത്തിനുണ്ടാകുന്ന പ്രശ്‌നം പരിഹരിക്കാനും മാസാവസാനമുള്ള തിരക്കു കുറയ്ക്കാനും ലക്ഷ്യമിട്ടാണ് പുതിയ നടപടി.
റേഷൻവിതരണം രണ്ടുഘട്ടമായി നടപ്പാക്കാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മിഷണർ ശുപാർശ നൽകിയിരുന്നു. ഇതു പരിഗണിച്ചാണ് സർക്കാർ ഉത്തരവിറക്കിയത്. നിലവിൽ എല്ലാ കാർഡുടമകൾക്കും മാസാദ്യം മുതൽ അവസാനംവരെ എപ്പോൾ വേണമെങ്കിലും റേഷൻ വാങ്ങാമായിരുന്നു.
അതേസമയം 15-നു മുമ്പ് റേഷൻ വാങ്ങാൻ കഴിയാത്ത മുൻഗണനവിഭാഗത്തിന് പിന്നീട് നൽകുമോയെന്ന കാര്യത്തിൽ വ്യക്തതയില്ല. അതുപോലെതന്നെ അഗതി-അനാഥ-വൃദ്ധമന്ദിരങ്ങളിലെ അന്തേവാസികൾക്കുള്ള എൻപിഐ റേഷൻകാർഡുകൾക്കുള്ള റേഷൻ വിതരണരീതി വ്യക്തമാക്കാത്തതും ആശയക്കുഴപ്പത്തിന് ഇടയാക്കിയിട്ടുണ്ട്.