Uncategorized

സംസ്ഥാനത്തെ സ്‌കൂളുകളിലെ കുട്ടികൾക്കുള്ള ഉച്ചഭക്ഷണ പദ്ധതി പ്രതിസന്ധിയിൽ

വിലക്കയറ്റം രൂക്ഷമായതോടെ സംസ്ഥാനത്തെ സ്‌കൂളുകളിലെ കുട്ടികൾക്കുള്ള ഉച്ചഭക്ഷണ പദ്ധതി പ്രതിസന്ധിയിൽ. സർക്കാ‍ർ അനുവദിക്കുന്ന തുച്ഛമായ വരുമാനം കൊണ്ട് ഉച്ചഭക്ഷണം നൽകാനാകാതെ വിഷമിക്കുകയാണ് സ്ക്കൂളുകൾ. കടം കൂടിയതോടെ സർക്കാർ സഹായം ലഭിച്ചില്ലെങ്കിൽ താമസിയാതെ ലക്ഷക്കണക്കിന് കുട്ടികൾക്ക് സ്കൂളിൽ നിന്നുളള ഉച്ച ഭക്ഷണം കിട്ടാതെയാകും.

ആഴ്ചയിൽ രണ്ടു ദിവസം പാലും മുട്ടയും. ഓരോ ദിവസവും വ്യത്യസ്തവും പോഷക സമൃദ്ധവുമായ രണ്ടു കറികളെങ്കിലും കൂട്ടി ഊണ്. ഈ മെനു അനുസരിച്ച് കുട്ടികൾക്ക് ഭക്ഷണം നൽകാൻ അനുവദിക്കുന്നത് ഒരാൾക്ക് പരമാവധി എട്ടു രൂപ മാത്രമാണ്. കുട്ടികളുടെ എണ്ണം കൂടിയാൽ ഇതും ഏഴും ആറുമായി കുറയും. ആഴ്ചയിൽ ഒരു കുട്ടിക്ക് കിട്ടുന്ന നാൽപ്പതു രൂപയിൽ പാലിനും മുട്ടക്കും മാത്രം 24 രൂപ ചെവലാകും. ബാക്കി പതിനാറു രൂപ വച്ചാണ് അഞ്ചു ദിവസം കറികളുണ്ടാക്കേണ്ടത്. ഗ്യാസിനും സാധനങ്ങളെത്തിക്കാനുള്ള ചെലവും കഴിഞ്ഞാൽ ബാക്കിയുള്ളത് ഒരാഴ്ചത്തേക്ക് രണ്ടു രൂപ മാത്രമാണ്.

2016 ൽ നിശ്ചയിച്ചതാണ് ഈ തുക. ഇതിനു ശേഷം സാധനങ്ങൾക്കും ഗ്യാസിനുമൊക്കെയ വില ഇരട്ടിയോളമായി. ആനുപാതികമായി തുക കൂട്ടണമെന്ന് മുഖ്യമന്ത്രി വരെയുള്ളവർക്ക് നിരവധി തവണ നിവേദനം നൽകുകയും പ്രശ്നം നിയമ സഭയിലും അവതരിപ്പിച്ചു. 

സ‍ർക്കാർ അനുകൂല തീരുമാനം എടുക്കാൻ വൈകിയാൽ സംസ്ഥാനത്തെ 12,200 ല്‍ പരം സ്‌കൂളുകളിലെ 29 ലക്ഷത്തിലധികം കുട്ടികള്‍ക്ക് സ്കൂളിൽ നിന്ന് നൽകുന്ന ഉച്ചഭക്ഷണം കിട്ടാതാകും. അധിക തുകക്കായി പൊതുജനങ്ങളിൽ നിന്നും പിരിവെടുക്കണം എന്നാണ് അനൗദ്യോഗിക നി‍ർദ്ദേശം.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button