സംസ്ഥാനത്തെ സ്വകാര്യ ബസുടമകൾ അനിശ്ചിതകാല സമരത്തിലേക്ക്
തിരുവനന്തപുരം: നിരക്ക് കൂട്ടാമെന്ന് നാല് മാസം മുൻപ് ചർച്ചയിൽ സമ്മതിച്ച സർക്കാർ ഇതുവരെയായിട്ടും ചാർജ് വർദ്ധിപ്പിക്കാത്തതിൽ പ്രതിഷേധവുമായി സംസ്ഥാനത്തെ സ്വകാര്യ ബസുടമകൾ. മിനിമം ചാർജ് 12 രൂപയായി വർദ്ധിപ്പിക്കണം. വിദ്യാർത്ഥികൾക്കുളള നിരക്കിലും വർദ്ധന വേണം. ആറ് രൂപയാക്കി വിദ്യാർത്ഥികൾക്കുളള നിരക്ക് വർദ്ധിപ്പിക്കണമെന്നുമാണ് സ്വകാര്യ ബസുടമകളുടെ ആവശ്യം.
നിരക്ക് കൂട്ടാമെന്നേറ്റ സർക്കാർ നാല് മാസമായിട്ടും വാക്ക് പാലിച്ചില്ല. രാമചന്ദ്രൻ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കിയില്ല. ബജറ്റിലും ഒരു പരിഗണനയുമില്ലെന്നും അവർ ആരോപിക്കുന്നു. രണ്ടോ മൂന്നോ ദിവസത്തിനകം മറ്റ് സംഘടനകളുമായി ആലോചിച്ച് സമരം തുടങ്ങാനുള്ള തീയതി പ്രഖ്യാപിക്കുമെന്നാണ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ വ്യക്തമാക്കുന്നത്. ഈ മാസം മുപ്പത്തിയൊന്നിനകം തീയതി പ്രഖ്യാപിക്കും. മൂന്ന് ദിവസത്തിനുള്ളിൽ സമരപ്രഖ്യാപനമുണ്ടാകും – ഫെഡറേഷൻ വ്യക്തമാക്കി.
ഇന്നലെ അവതരിപ്പിച്ച സംസ്ഥാന ബഡ്‌ജറ്റിലും സ്വകാര്യ ബസ് വ്യവസായത്തെ പരിഗണിക്കാത്തതിൽ വലിയ പ്രതിഷേധത്തിലാണ് സ്വകാര്യബസുടമകൾ.
തൃശൂരിൽ ചേർന്ന ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്റെ സംസ്ഥാന ഭാരവാഹി യോഗത്തിലാണ് ചാർജ് വർദ്ധന ചർച്ച ചെയ്‌തത്. അയ്യായിരത്തിൽ താഴെമാത്രം ബസുകളുളള കെഎസ്‌ആർടിസിക്ക് ബഡ്‌ജറ്റിൽ 1000 കോടി വിലയിരുത്തിയപ്പോൾ സംസ്ഥാനത്ത് 12000ലധികം ബസുകൾ സർവീസ് നടത്തുന്ന സ്വകാര്യ മേഖലയെ കുറിച്ച് പരാമർശിച്ചതുപോലുമില്ലെന്നതാണ് സംഘടനയെ വിഷമിപ്പിച്ചത്.