സംസ്ഥാനത്തെ സ്വാതന്ത്ര്യദിന ആഘോഷങ്ങൾക്ക് തിരുവനന്തപുരം സെൻട്രല്‍ സ്റ്റേഡിയത്തിൽ തുടക്കമായി

സംസ്ഥാനത്തെ സ്വാതന്ത്ര്യദിന ആഘോഷങ്ങൾക്ക് തിരുവനന്തപുരം സെൻട്രല്‍ സ്റ്റേഡിയത്തിൽ തുടക്കമായി. മുഖ്യമന്ത്രി പിണറായി വിജയന്‍‍ പതാകയുയർത്തി. സ്വാതന്ത്ര്യദിന പ്രസംഗത്തിൽ രാജ്യത്തിന് വിവിധ മേഖലകളിൽ‌ മുന്നേറ്റമുണ്ടാക്കാനായെന്നു പറഞ്ഞ മുഖ്യമന്ത്രി സംസ്ഥാനത്തിന്റെ കഴിഞ്ഞ ഏഴുവർഷത്തെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞു.

2016ൽ കേരളത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനം 5.6 ലക്ഷംകോടി രൂപയായിരുന്നു. ഏറ്റവും ഒടുവിലത്തെ കണക്കുകൾ പ്രകാരം 10.17 ലക്ഷംകോടി രൂപയിലേക്ക് ഉയർന്നിരിക്കുന്നു. കഴിഞ്ഞ ഏഴുവർഷം കൊണ്ട് 84 ശതമാനം വർധനയുണ്ടായി. പ്രതിശീർഷ വരുമാനം 54 ശതമാനം ഉയർന്നു. കടബാധ്യത കുറയ്ക്കാനായി. വ്യവസായം വർധിപ്പിക്കാൻ സംരംഭകവർഷമെന്ന പ്രത്യേക പദ്ധതിയുണ്ടാക്കിയതിലൂടെ 8300 കോടിയുടെ നിഷേപവും മൂന്ന് ലക്ഷം തൊഴിലും സൃഷ്ടിക്കാനായി. ഐടി മേഖലയും കുതിപ്പിന്റെ പാതയിലാണ്. അഞ്ച് വർഷം കൊണ്ട് കിഫ്ബി മുഖേന 65,000 കോടി രൂപയുെട വികസന പ്രവർത്തനങ്ങൾ ഏറ്റെടുക്കാനായി. ഏഴ് വർഷത്തിനിടെ 1057 വികസന പ്രവർത്തനങ്ങൾ ഏറ്റെടുത്തു. ക്ഷേമരംഗത്തും സർക്കാർ ഫലപ്രദമായി ഇടപെട്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സ്വാതന്ത്ര്യാനന്തരം 75 വർഷം പിന്നിട്ടപ്പോൾ ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക, സൈനിക ശക്തികളിലൊന്നായി ഇന്ത്യ മാറി. ബഹിരാകാശം, ശാസ്ത്ര – സാങ്കേതികം, ഐടി തുടങ്ങി എല്ലാ മേഖകളിലും രാജ്യം മുന്നേറുകയാണ്. നമ്മുടെ സ്വന്തം യോഗയും ആയുർവേദവും രാജ്യാന്തരതലത്തിൽ അംഗീകരിക്കപ്പെട്ടുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

Comments

COMMENTS

error: Content is protected !!