സംസ്ഥാനത്തെ 33 തടവുകാരെ വിട്ടയക്കാൻ മന്ത്രിസഭാ യോഗം ഗവര്‍ണറോടു ശുപാര്‍ശ ചെയ്തു
സംസ്ഥാനത്ത് ജയിലുകളില്‍ കഴിയുന്ന 33 തടവുകാരെ ശിക്ഷാ കാലയളവില്‍ ഇളവ് നല്‍കി വിട്ടയ്ക്കാന്‍ മന്ത്രിസഭാ യോഗം ഗവര്‍ണറോടു ശുപാര്‍ശ ചെയ്തു. മോഷണം, വീടുകയറി ആക്രമണം തുടങ്ങി കൊലപാതക ശ്രമം വരെയുളള കേസുകളില്‍ ശിക്ഷ അനുഭവിക്കുന്നവരെയാണ് വിട്ടയക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.ശിക്ഷയില്‍ ആറ് മാസം വരെ ഇളവ് നല്‍കി മോചിപ്പിക്കാനാണ് ശുപാര്‍ശ.
ക്രിമിനല്‍ കേസുകളില്‍ ഏഴ് വര്‍ഷത്തില്‍ താഴെ ശിക്ഷ ലഭിച്ച സെന്‍ട്രല്‍ ജയിലുകളില്‍ കഴിയുന്ന 33 പ്രതികളെയാണ് മോചിപ്പിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനമെടുത്തിരിക്കുന്നത്. നിയമ സെക്രട്ടറി, ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി, ജയില്‍ മേധാവി എന്നിവര്‍ അടങ്ങുന്ന സമിതിയാണ് ഇവരുടെ പട്ടിക തയ്യാറാക്കിയത്. സമിതിയുടെ നിര്‍ദേശ പ്രകാരം 34 പേരെ മോചിപ്പിക്കാനായിരുന്നു തീരുമാനം. എന്നാല്‍ അതില്‍ ഒരാളുടെ ശിക്ഷ കാലാവധി ഒരു മാസത്തിനകം തീരുന്നതിനാല്‍ അയാളെ ഒഴിവാക്കുകയായിരുന്നു.
ഭരണഘടനയുടെ 161-ാം അനുച്ഛേദം അനുസരിച്ചാണ് ഇളവ് നല്‍കി വിട്ടയക്കാന്‍ മന്ത്രിസഭാ യോഗം ഗവര്‍ണറോട് ശുപാര്‍ശ ചെയ്തത്. ആസാദി കാ അമൃത് മഹോത്സവ് ആഘോഷത്തിന്റെ ഭാഗമായി റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ചാണ് പ്രത്യേക ശിക്ഷാ ഇളവിനുളള ശുപാര്‍ശ.