സംസ്ഥാനത്തെ 5 മെഡിക്കല്‍ കോളേജുകളില്‍ ക്രിറ്റിക്കല്‍ കെയര്‍ യൂണിറ്റുകള്‍ ശക്തിപ്പെടുത്താന്‍ 4,44,05,600 രൂപ അനുവദിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി
സംസ്ഥാനത്തെ 5 മെഡിക്കല്‍ കോളേജുകളില്‍ ക്രിറ്റിക്കല്‍ കെയര്‍ യൂണിറ്റുകള്‍ ശക്തിപ്പെടുത്താന്‍ 4,44,05,600 രൂപ അനുവദിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ, തൃശൂര്‍, കോഴിക്കോട് മെഡിക്കല്‍ കോളേജുകളിലാണ് ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റുകള്‍ ശക്തിപ്പെടുത്തുന്നത്.
അതീവ ഗുരുതരാവസ്ഥയിൽ അത്യാഹിത വിഭാഗത്തിലെത്തുന്ന രോഗികള്‍ക്ക് മികച്ച അതിതീവ്രപരിചരണം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്രിറ്റിക്കല്‍ കെയര്‍ യൂണിറ്റുകള്‍ ശക്തമാക്കുന്നത്. നിലവില്‍ ക്രിറ്റിക്കല്‍ കെയര്‍ യൂണിറ്റുകളുള്ള മെഡിക്കല്‍ കോളേജുകളില്‍ അവ ശക്തിപ്പെടുത്തുകയും ഇല്ലാത്ത മെഡിക്കല്‍ കോളേജുകളില്‍ അവ സജ്ജമാക്കുകയാണ് ലക്ഷ്യം.
എല്ലാ മെഡിക്കല്‍ കോളേജുകളിലും ക്രിറ്റിക്കല്‍ കെയര്‍ യൂണിറ്റ് എന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് തുകയനുവദിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് 94.22 ലക്ഷം, കോട്ടയം മെഡിക്കല്‍ കോളേജ് 1 കോടി, ആലപ്പുഴ മെഡിക്കല്‍ കോളേജ് 77.89 ലക്ഷം, തൃശൂര്‍ മെഡിക്കല്‍ കോളേജ് 1 കോടി, കോഴിക്കോട് മെഡിക്കല്‍ കോളേജ് 71.94 കോടി എന്നിങ്ങനെയാണ് തുകയനുവദിച്ചിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.