സംസ്ഥാനത്ത് ആദ്യദിനം സ്കൂളിലെത്തിയത് ശരാശരി 82.77% വിദ്യാർഥികൾ
ലോക്ഡൗണിന് ശേഷം സംസ്ഥാനത്ത് ഇന്ന് സ്കൂളിലെത്തിയത് ശരാശരി 82.77% വിദ്യാർത്ഥികളെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ആദ്യ ദിനം തന്നെ മികച്ച ഹാജർ നിലയാണ് രേഖപ്പെടുത്തിയതെന്നും മന്ത്രി പറഞ്ഞു. എൽ പി, യു പി ഹൈസ്കൂൾ വിഭാഗത്തിൽ 80.23% വിദ്യാർത്ഥികൾ ഹാജരായി. ഹയർ സെക്കണ്ടറി വിഭാഗത്തിൽ 82.18% പേരും വൊക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ 85.91% പേരും സ്കൂളുകളിൽ ഹാജരായിയെന്നും മന്ത്രി വ്യക്തമാക്കി.
ഹയർ സെക്കണ്ടറി വിഭാഗത്തിൽ ഏറ്റവുമധികം ഹാജർനില രേഖപ്പെടുത്തിയത് കാസർഗോഡ് ആണ്. (88.54%) ഏറ്റവും കുറവ് ഹാജർനില എറണാകുളത്ത് ആണ്. (72.28%) വൊക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ ഹാജർനില കൂടുതൽ രേഖപ്പെടുത്തിയ എറണാംകുളത്ത് 97% വും കുറവ് രേഖപ്പെടുത്തിയ കണ്ണൂരിൽ 71.48 % പേരും സ്കൂളുകളിലെത്തി. മികച്ച ഹാജർനിലയെന്ന് വിദ്യാഭ്യാസ വകുപ്പുമന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. മുന്നൊരുക്കങ്ങൾ ഗുണം ചെയ്തു. സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഏർപ്പെട്ട എല്ലാവർക്കും മന്ത്രി നന്ദി അറിയിച്ചു.