പുതിയ 97 സ്‌കൂള്‍ കെട്ടിടങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു

സംസ്ഥാനത്ത് നിര്‍മ്മാണം പൂർത്തിയാക്കിയ പുതിയ 97 സ്‌കൂള്‍ കെട്ടിടങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു. കണ്ണൂര്‍ മുഴപ്പിലങ്ങാട് ജിഎച്ച്എസ്എസില്‍ വച്ചായിരുന്നു സംസ്ഥാനതല ഉദ്ഘാടന ചടങ്ങ്. പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അധ്യക്ഷതവഹിച്ചു. മൂന്ന് ടിങ്കറിങ് ലാബുകളുടെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിച്ചു.

12 പുതിയ സ്കൂൾ കെട്ടിടങ്ങൾക്ക് തറക്കല്ലിടുന്ന ചടങ്ങും ഇതോടനുബന്ധിച്ച് നടന്നു. ഇവയ്ക്കെല്ലാമായി 182 കോടി രൂപ മതിപ്പ് ചെലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഭൗതിക സൗകര്യവികസനത്തിനായി 2016 മുതൽ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെയും അതിന്റെ തുടർച്ചയായ വിദ്യാകിരണം മിഷന്റെയും ഭാഗമായി 3800 കോടിയിലധികം രൂപയുടെ നിക്ഷേപം കിഫ്ബി പദ്ധതി, പ്ലാൻ ഫണ്ട്, മറ്റ് ഇതര ഫണ്ടുകൾ വഴി നടത്തിയിട്ടുണ്ട്. ഇതുവരെ കിഫ്‌ബി ഫണ്ടിൽ മാത്രം അഞ്ചു കോടി രൂപ നിരക്കിൽ 126 ഉം മൂന്നു കോടി രൂപ നിരക്കിൽ 153 ഉം ഒരു കോടി രൂപ നിരക്കിൽ 98 സ്കൂൾ കെട്ടിടങ്ങളും പൂർത്തിയാക്കി. ഇതിനു പുറമേയാണ് 97 സ്കൂൾ കെട്ടിടങ്ങൾ ഉദ്ഘാടനം ചെയ്യപ്പെടുന്നതും 12 സ്കൂൾ കെട്ടിടങ്ങൾക്ക് തറക്കല്ലിടുന്നതും. ഇത് കൂടാതെ പ്ലാൻ ഫണ്ട്, നബാർഡ് ഫണ്ട്, മറ്റ് ഇതര ഫണ്ടുകൾ തുടങ്ങിയവ ഉപയോഗിച്ച് നിർമ്മിച്ച നിരവധി കെട്ടിടങ്ങൾ ഇതിനകം ഉദ്ഘാടനം ചെയ്യപ്പെട്ടിട്ടുണ്ട്.

2016 ന് മുന്‍പുള്ള കേരളത്തില്‍ പൊതുവിദ്യാലയങ്ങള്‍ തകര്‍ച്ചയിലായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. തകര്‍ന്നുകൊണ്ടിരിക്കുകയായിരുന്ന പൊതുവിദ്യാലയങ്ങള്‍ ഇന്ന് നല്ല നിലയിലാണ്. സ്‌കൂളുകളെല്ലാം ആധുനിക സൗകര്യങ്ങളോടെയാണ് പ്രവര്‍ത്തിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. പത്ത് ലക്ഷത്തിലധികം കുട്ടികള്‍ പുതുതായി പൊതുവിദ്യാലയങ്ങളിലെത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു. വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞു പോക്ക് ഇല്ലാതായി. ഇന്ത്യയിലെ ഏറ്റവും മികച്ച വിദ്യാഭ്യാസ മേഖല കേരളത്തിലാണെന്ന് നീതി ആയോഗ് കണ്ടെത്തിയിരുന്നു.

Comments

COMMENTS

error: Content is protected !!