സംസ്ഥാനത്ത് ആറ് ജില്ലകളിൽ താപനില ഉയരുമെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ആറ് ജില്ലകളിൽ താപനില ഉയരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അടുത്ത മൂന്ന് ദിവസങ്ങളിൽ ജാഗ്രത വേണമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂർ, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിലാണ് ചൂട് കൂടുക. രണ്ട് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താപലനില ഉയരുമെന്നാണ് അറിയിപ്പ്. ഭൂരിഭാഗം പ്രദേശങ്ങളിലും താപനില 36 ഡിഗ്രി സെൽഷ്യസ് കടക്കും.
വരും ദിവസങ്ങളിലും വരണ്ട കാലാവസ്ഥ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷ കേന്ദ്രം അറിയിക്കുന്നത്. സംസ്ഥാനത്ത് വേനലിന്‍റെ കാഠിന്യം കൂടിവരികയാണ്. പകൽ സമയത്ത് പുറത്ത് ജോലി ചെയ്യുന്നവർക്ക് സൂര്യാഘാതം ഏൽക്കാൻ സാധ്യതയുണ്ടെന്ന് നേരത്തെ മുന്നറിയിപ്പുണ്ടായിരുന്നു. അതിനാൽ പലയിടത്തും തൊഴിൽ സമയത്തിൽ മാറ്റം വരുത്തിയിട്ടുണ്ട്.
അടുത്ത ദിവസങ്ങളിൽ വേനൽ മഴ കിട്ടിയില്ലെങ്കിൽ ചൂട് പിന്നെയും കൂടും. അടുത്ത ചൊവ്വാഴ്ചയ്ക്ക് ശേഷം ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് നിരീക്ഷണം. ഇത്തവണ സംസ്ഥാനത്ത് വേനൽമഴ സാധാരണ പോലെ കിട്ടുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നത്. സൂര്യാഘാതത്തിന് സാധ്യതയുള്ളതിനാൽ സംസ്ഥാനത്ത് ഏപ്രിൽ 30 വരെ, ഉച്ചയ്ക്ക് 12 മുതൽ മൂന്ന് മണി വരെ തൊഴിലാളികൾ പുറം ജോലികൾ ചെയ്യുന്നത് വിലക്കിയിട്ടുണ്ട്.