സംസ്ഥാനത്ത് ഇന്നും താപനില ഉയര്‍ന്ന നിലയില്‍ തുടരുമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്നും താപനില ഉയര്‍ന്ന നിലയില്‍ തുടരുമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. തിരുവനന്തപുരം, കോഴിക്കോട് ജില്ലകളില്‍ ചൂട് കഠിനമാകും. 

തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കോഴിക്കോട് ജില്ലകളില്‍ സൂര്യാതപ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു. സംസ്ഥാനത്തെ ഭൂരിഭാഗം പ്രദേശത്തും ചൂട് 40 നും 45 നും ഇടയില്‍ എത്തുമെന്നും  മുന്നറിയിപ്പിലുണ്ട്. ഇടുക്കി, വയനാട് ജില്ലകളിലെ തമിഴ്‌നാടിനോട് ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ മാത്രമാണ് നേരിയ ആശ്വാസം. ഈ ജില്ലകളില്‍ ചൂട് 30 ഡിഗ്രിക്കും 40 ഡിഗ്രിക്കും ഇടയിലായിരിക്കും.

സംസ്ഥാനത്ത് പൊതുവെ ചൂടിന്റെ കാഠിന്യം കുറഞ്ഞെങ്കിലും ഏതാനും ദിവസങ്ങള്‍ക്ക് ശേഷം താപനില വീണ്ടും ഉയരുമെന്ന് കാലാവസ്ഥ വിദഗ്ദ്ധരുടെ നിഗമനം. എന്നാല്‍ ഒട്ടുമിക്ക ജില്ലകളിലും അനുഭപ്പെടുന്ന ചൂട് 40 ഡിഗ്രി സെല്‍ഷ്യസിന് മുകളിലെന്ന് ദുരന്ത നിവാരണ അതോറിറ്റി പ്രസിദ്ധീകരിച്ച താപസൂചിക ഭൂപടം വ്യക്തമാക്കുന്നു. താപ സൂചിക ഭൂപടം അന്തിമമല്ലെന്നും ആശങ്ക വേണ്ടെന്നുമാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ വിശദീകരണം. പഠനാര്‍ത്ഥമാണ് താപസൂചിക ഭൂപടം പ്രസിദ്ധീകരിക്കുന്നതെന്നും അതില്‍ മാറ്റങ്ങള്‍ വരാമെന്നും ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കി.

നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിലും, മറ്റന്നാള്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ജില്ലകളിലും നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നു.

Comments

COMMENTS

error: Content is protected !!